സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0

സംസ്ഥാനത്ത് ഇന്ന് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 10 ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. നാളെ 10 ജില്ലകളിൽ മഴമുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.(Rain Alert in Kerala Orange declared in Five districts)

സെപ്റ്റംബർ 29 മുതൽ ഒക്ടോബർ ഒന്ന് വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യുനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. മധ്യ കിഴക്കൻ അറബിക്കടലിൽ കൊങ്കൺ-ഗോവ തീരത്തിന് സമീപമാണ് ന്യുന മർദ്ദം രൂപപ്പെട്ടിരിക്കുന്നത്.

അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തിപ്രാപിച്ചു പടിഞ്ഞാറു-വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കാൻ സാധ്യത. സമാനമായി വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ന്യുന മർദ്ദം രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്തിപ്രാപിച്ചു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ചു ഒഡിഷ-പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങാൻ സാധ്യത.

ഇതിന്റെ സ്വാധീനഫലമായാണ് മഴ പ്രതീക്ഷിക്കുന്നത്. അതേസമയം തിരുവനന്തപുരം ജില്ലയിൽ ഇന്ന് (സെപ്റ്റംബർ 29) ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here