കാവേരി ജല തർക്കം; കർണാടകയിൽ ഇന്ന് ബന്ദ്, ബെംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ

0

കാവേരി ജല തർക്കത്തിൽ കർണാടകയിൽ ഇന്ന് ബന്ദ്. രാവിലെ ആറു മണി മുതൽ വൈകീട്ട് ആറു വരെയാണ് ബന്ദ്. കന്നഡ-കർഷകസംഘടനകളുടെ കൂട്ടായ്‌മയായ ‘കന്നഡ ഒക്കൂട്ട’ യാണ് ബന്ദിന് നേതൃത്വം നൽകുന്നത്. കർ‌ഷക സംഘടനകൾ‌, കന്നഡ ഭാഷ സംഘടനകൾ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട എല്ലാ സംഘടനകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപിയും ജെഡിഎസും ബന്ദിന് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

അക്രമ സാധ്യത കണക്കിലെടുത്ത് ബംഗളൂരുവിൽ വ്യാഴാഴ്‌ച രാത്രി 12 മുതൽ വെള്ളിയാഴ്‌ച രാത്രി 12 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മൈസൂരു, മാണ്ഡ്യ മേഖലകളിൽ ബന്ദ് തീവ്രമാകുമെന്നാണ് കരുതുന്നത്. രാവിലെ 11-ന് സംസ്ഥാനത്തെ ദേശീയ പാതകളുൾപ്പെടെ പ്രധാനപാതകളിൽ വാഹനങ്ങൾ തടയുമെന്ന് കർണാടക ജലസംരക്ഷണസമിതി അറിയിച്ചു. കേരളത്തിൽ നിന്ന് മൈസൂരു വഴി വരുന്ന വാഹനങ്ങളുടെ യാത്ര തടസപ്പെട്ടേക്കും.

ഓൺലൈൻ ഓട്ടോ-ടാക്സികൾ ഉൾപ്പെടെ സർവീസ് നടത്തില്ല. ബെംഗളൂരുവിലെ ഹോട്ടലുകൾ തുറക്കില്ലെന്ന് ഹോട്ടൽ ഉടമകളുടെ സംഘടന അറിയിച്ചു. തിയേറ്ററുകളും പ്രവർത്തിക്കില്ല. സ്വകാര്യ സ്കൂളുകളും കോളജുകളും അവധി പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here