ആറന്മുളയിലെ ശോഭായാത്രയിലേക്ക് കാർ പാഞ്ഞുകയറി; കുട്ടിയെ രക്ഷിക്കുന്നതിനിടെ പൊലീസുകാരന് പരിക്ക്

0


കോഴഞ്ചേരി: ആറന്മുളയിൽ ശ്രീകൃഷ്ണജയന്തി ശോഭയാത്രയിലേക്ക് പാഞ്ഞുകയറിയ കാറിന് മുന്നിൽ നിന്ന് കുട്ടിയെ രക്ഷിക്കുന്നതിനിടെ പൊലീസുകാരന് പരിക്കേറ്റു. ആറന്മുള പൊലീസ്സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സഞ്ജയനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നാട്ടുകാരനായ ഒരാൾക്ക് നിസ്സാരപരിക്കുണ്ട്. സഞ്ജയുടെ തലയ്‌ക്കേറ്റ പരിക്ക് ഗുരുതരമായതിനാൽ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

ബുധനാഴ്ച വൈകീട്ട് ആറരയോടെ ആറന്മുള തറയിൽ ജങ്ഷനിലാണ് അപകടം. ശോഭയാത്ര ആറന്മുള ക്ഷേത്രത്തിലേക്ക് പോകുമ്പോൾ പൊലീസ് റോഡിൽ ഒറ്റവരി ഗതാഗതം നിയന്ത്രിക്കുക ആയിരുന്നു. ഇതിനിടെയാണ് കാർ പാഞ്ഞെത്തിയത്. ശോഭയാത്രയിൽ പങ്കെടുക്കുന്ന കുട്ടിയെ കാർ ഇടിക്കുമെന്ന് മനസ്സിലാക്കിയ സഞ്ജയൻ മുന്നിലേക്ക് ചാടി കുട്ടിയെ വാരിയെടുത്തു. അപ്പോഴേക്കും സഞ്ജയനെ കാർ ഇടിച്ചു വീഴ്‌ത്തിയിരുന്നു. ഇരുവരും തെറിച്ചുവീണെങ്കിലും കുട്ടിക്ക് പരിക്ക് പറ്റിയില്ല. തലയടിച്ച് റോഡിൽവീണ സഞ്ജയന്റെ ചെവിയിൽനിന്ന് രക്തംവരുന്നുണ്ടായിരുന്നു. ഉടൻ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് സാരമുള്ളതിനാൽ പിന്നീട് കോട്ടയത്തേക്ക് മാറ്റി. സ്ഥലത്തുനിന്ന് വേഗം ഓടിച്ചുപോയ കാർ പിന്നീട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. കടപ്ര സ്വദേശി മോൻസിയുടേതാണ് കാർ. ഇയാളും കുടുംബവുമാണ് കാറിൽ ഉണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here