ബെംഗളൂരു: തമിഴ്നാടിന് കർണാടക 5000 ഘനയടി കാവേരി ജലം വിട്ടുനൽകണമെന്ന കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റി (സിഡബ്ല്യുഎംഎ) ഉത്തരവിനെതിരെ ബെംഗളൂരുവിൽ വിവിധ സംഘടനകൾ ആഹ്വാനംചെയ്ത ബന്ദ് തുടങ്ങി. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ബന്ദ്. വിവിധ കർഷക സംഘടനകളും ബിജെപി, ജെഡിഎസ്, ആം ആദ്മി പാർട്ടിതുടങ്ങിയ രാഷ്ട്രീയ കക്ഷികളും ബന്ദിന് പിന്തുണയുമായി രംഗത്തുണ്ട്.
സർക്കാർ പൊതുഗതാഗത സംവിധാനമായ ബിഎംടിസിയും കർണാടക ആർടിസിയും ബന്ദിന് പിന്തുണ അറിയിച്ചിട്ടുള്ളതിനാൽ ബസ് സർവിസിനെയും ബാധിക്കും. കർണാടക ഫിലിം ഇൻഡസ്ട്രിയുടെയും പിന്തുണയുള്ളതിനാൽ തിയേറ്ററുകൾ അടഞ്ഞുകിടക്കും. അതേസമയം, നമ്മ മെട്രോ സർവിസുകൾ പതിവുപോലെ ഉണ്ടാകുമെന്ന് ബാംഗ്ലൂർ മെട്രോ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) അറിയിച്ചു. അവശ്യസേവനങ്ങളായ ആശുപത്രികൾ, നഴ്സിങ് ഹോമുകൾ, ഫാർമസികൾ, സർക്കാർ ഓഫിസുകൾ എന്നിവ തുറന്നുപ്രവർത്തിക്കും.
ബന്ദിനെതുടര്‍ന്ന് അക്രമസംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി ബെംഗളൂരു പൊലീസ് നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രിവരെയാണ് ബെംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടരുതെന്നും ക്രമസമാധനം ഉറപ്പാക്കുമെന്നും എല്ലായിടത്തും പൊലീസ് അതീവ ജാഗ്രത പുലര്‍ത്തുമെന്നും ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ ബി ദയാനന്ദ പറഞ്ഞു. ബെംഗളൂരുവില്‍ ഭൂരിഭാഗം സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും ചൊവ്വാഴ്ച അവധി നല്‍കിയിട്ടുണ്ട്. ബെംഗളുരുവിലെ ഓട്ടോ-ടാക്സി യൂണിയനുകളും സർക്കാർ, സ്വകാര്യ ബസ് യൂണിയനുകളും ഇന്നത്തെ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.