കത്തിമുനയിൽ ബലാത്സംഗശ്രമം, എതിര്‍ത്തപ്പോള്‍ കഴുത്തറുത്തു; എയര്‍ഹോസ്റ്റസ് കൊലക്കേസ് പ്രതി കുറ്റം സമ്മതിച്ചു

0

മുംബൈ: മുംബൈയില്‍ എയര്‍ഹോസ്റ്റസ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ്. കത്തി ചൂണ്ടി ബലാത്സംഗം ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് എയര്‍ഹോസ്റ്റസിനെ കഴുത്തറുത്ത് കൊന്നതെന്ന് പ്രതി ചോദ്യംചെയ്യലില്‍ സമ്മതിച്ചെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞു. മുംബൈയില്‍ യുവതി താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്‍റിലെ ഹൌസ് കീപ്പിങ് ജീവനക്കാരനായ വിക്രം അത്‍വാളാണ് പിടിയിലായത്. പ്രതിയെ കോടതി മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

ഞായറാഴ്ച രാത്രി 11 മണിയോടെയാണ് 24കാരിയെ അന്ധേരിയിലെ മൂന്നാം നിലയിലെ അപ്പാര്‍ട്ട്മെന്‍റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബാത്ത് റൂമിന് സമീപമാണ് മൃതദേഹം കിടന്നത്. മൃതദേഹം രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു. ഫോണില്‍ വിളിച്ച് കിട്ടാതായതോടെ സുഹൃത്തുക്കള്‍ അപ്പാര്‍ട്ട്മെന്‍റിലെത്തി വാതില്‍ കുത്തിത്തുറക്കുകയായിരുന്നു. ഛത്തീസ്ഗഡ് സ്വദേശിനിയാണ് കൊല്ലപ്പെട്ടത്. ഉടന്‍ പൊലീസെത്തി അപ്പാര്‍ട്ട്മെന്‍റില്‍ താമസിച്ചിരുന്നവരെയും ജീവനക്കാരെയും ചോദ്യംചെയ്തു.

പൊലീസ് 45 പേരെയാണ് ചോദ്യംചെയ്തത്. 14 മണിക്കൂറിനുള്ളില്‍ പ്രതിയെ കണ്ടെത്തി. അപ്പാര്‍ട്ട്മെന്‍റില്‍ ഹൌസ് കീപ്പറായി ജോലി ചെയ്തിരുന്ന 40കാരനായ വിക്രം അത്‍വാളിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രക്തം പുരണ്ട വസ്ത്രം ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here