പാമ്പുകടിയേറ്റ് അവശ നിലയിലായ ആദിവാസി ബാലന് രക്ഷയായത് വനംവകുപ്പ് ഉദ്യോഗസ്ഥന്റെ സമയോചിത ഇടപെടലിൽ

0

സീതത്തോട്: പാമ്പുകടിയേറ്റ് അവശ നിലയിലായ ആദിവാസി ബാലന് രക്ഷയായത് വനംവകുപ്പ് ഉദ്യോഗസ്ഥന്റെ സമയോചിത ഇടപെടലിൽ. മൂഴിയാർ വനത്തിൽ താമസിക്കുന്ന അയ്യപ്പന്റെ മകൻ സതീഷിന് (7) ആണ് പാമ്പ് കടിയേറ്റത്. കിലോമീറ്ററുകൾ നടന്ും ബസിലുമായി ആശുപത്രിയിലേക്ക് കൊണ്ടു പോയ ബാലന്റെ ജീവൻ കാക്കാൻ ആംബുലൻസ് എത്തിച്ചു നൽകിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥൻ കുട്ടിക്കും കുടുംബത്തിനും തണലായത്.

ബന്ധുക്കൾക്കൊപ്പം മൂഴിയാർ അരണമുടി വനത്തിൽ കുന്തിരിക്കം ശേഖരിക്കാൻ പോയപ്പോൾ ഇന്നലെ രാവിലെ 9ന് ആണ് സംഭവം. ആശുപത്രിയിലെത്തിക്കാൻ വാഹനം ലഭിക്കാതിരുന്നതിനാൽ വനത്തിലൂടെ ഏറെ ദൂരം നടന്ന് കാറ്റാടിക്കുന്നിലെത്തി ബസിനായി കാത്തുനിന്നു. അപ്പോഴേക്കും തന്നെ കുട്ടി അവശനായി. പത്തനംതിട്ടയിൽനിന്ന് ഗവിയിലേക്കുള്ള ആദ്യ കെഎസ്ആർടിസി ബസ് കുമളിയിൽ എത്തി മടങ്ങുമ്പോൾ വൈകിട്ട് 4.15ന് ആണ് കാറ്റാടിക്കുന്നിൽനിന്ന് സതീഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായത്.

വിവരം മനസ്സിലാക്കി ഡ്രൈവർ ബസ് വേഗം ഓടിച്ചു. ഇതിനോടകം സതീഷിന്റെ ദേഹമാകെ നീരുവെച്ച് വീർത്തു. ഇതു കണ്ട് ഗവി ബസിലെ യാത്രക്കാരനായ പച്ചക്കാനം പെരിയാർ കടുവ സങ്കേതം പടിഞ്ഞാറ് ഡിവിഷനിലെ ഉദ്യോഗസ്ഥൻ ബന്ധുക്കളോട് വിവരം തിരക്കിയറിഞ്ഞു. മൂഴിയാർ കെഎസ്ഇബിയുമായി ബന്ധപ്പെട്ട് ആംബുലൻസ് അന്വേഷിച്ചെങ്കിലും കിട്ടിയില്ല.

തുടർന്ന് കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിൽ അറിയിച്ചതനുസരിച്ച് ജീപ്പ് എത്തിച്ചു. വേലുത്തോട്ടിൽവച്ച് സതീഷിനെ ജീപ്പിലേക്ക് മാറ്റി. ഇതേസമയം സീതത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ അറിയിച്ചതനുസരിച്ച് ആംബുലൻസ് എത്തി. കിളിയെറിഞ്ഞാൻകല്ല് ചെക്‌പോസ്റ്റിനും വേലുത്തോടിനും ഇടയിലുള്ള ഭാഗത്തുവച്ച് ആംബുലൻസിലേക്ക് മാറ്റി റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here