മുഖ്യമന്ത്രിക്കു യാത്ര ചെയ്യാനും പൊലീസിന്റെ ആവശ്യങ്ങൾക്കുമായി മാസം 80 ലക്ഷം രൂപ നൽകി ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നു

0

മുഖ്യമന്ത്രിക്കു യാത്ര ചെയ്യാനും പൊലീസിന്റെ ആവശ്യങ്ങൾക്കുമായി മാസം 80 ലക്ഷം രൂപ നൽകി ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നു. സ്വകാര്യ കമ്പനിയുമായി ഇതിന്റെ കരാർ ഒപ്പു വയ്ക്കാൻ തീരുമാനമായി. രണ്ടാഴ്ചയ്ക്കുള്ളിൽ കോപ്റ്റർ എത്തും.

മാസം 20 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയാണ്. തുടർന്നുള്ള ഓരോ മണിക്കൂറിനും 90,000 രൂപ നൽകണം. പൈലറ്റ് ഉൾപ്പെടെ 11 പേർക്ക് യാത്ര ചെയ്യാം. 5 ലക്ഷത്തിന്റെ ചെക്ക് പോലും ട്രഷറിയിൽ മാറ്റാനാകാത്ത അവസ്ഥ ഉള്ളപ്പോഴാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നത്.

ഒന്നാം പിണറായി സർക്കാർ പവൻഹംസ് കമ്പനിയിൽ നിന്ന് 22.21 കോടി രൂപ ചെലവഴിച്ച് ഹെലികോപ്റ്റർ‍ വാടകയ്ക്ക് എടുത്തെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായില്ല. ഒരു വർഷത്തിനു ശേഷം കരാർ പുതുക്കിയില്ല.

വീണ്ടും കോപ്റ്റർ എടുക്കുന്നതിനെതിരെ വിമ‍ർശനം ഉയർന്നെങ്കിലും ഡൽഹി ആസ്ഥാനമായ ചിപ്സൺ ഏവിയേഷനുമായി പുതിയ കരാർ ഉണ്ടാക്കാൻ കഴിഞ്ഞ മാർച്ച് 2ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. എന്നാൽ ഇതു നടപ്പാക്കാൻ നിയമതടസ്സമുണ്ടായി. ടെൻഡർ കാലാവധി കഴിഞ്ഞു മാസങ്ങൾക്കു ശേഷമാണ് മന്ത്രിസഭ അനുമതി നൽകിയത്.

കരാറുമായി മുന്നോട്ടുപോകാൻ നിയമവകുപ്പ് പച്ചക്കൊടി കാട്ടിയെങ്കിലും പിന്നെയും തർക്കമുണ്ടായി. ഹെലികോപ്റ്റർ ചാലക്കുടിയിലെ സ്വന്തം ഗ്രൗണ്ടിൽ പാർക്ക് ചെയ്യണമെന്ന് ചിപ്സൺ ഏവിയേഷൻ ആവശ്യപ്പെട്ടു. എന്നാൽ, തിരുവനന്തപുരത്തു വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം.

പ്രശ്നപരിഹാരത്തിനായി വീണ്ടും ചർച്ച നടത്തി. തിരുവനന്തപുരത്ത് ആണെങ്കിൽ പാർക്കിങ് തുക കൂടി വേണമെന്നു കമ്പനി ആവശ്യപ്പെട്ടു. ഒടുവിൽ ചാലക്കുടിയിൽ പാർക്ക് ചെയ്യണമെന്ന കമ്പനിയുടെ ആവശ്യം അംഗീകരിച്ച് കരാർ ഒപ്പുവയ്ക്കാൻ തീരുമാനിച്ചു.

മധ്യകേരളത്തിൽനിന്ന് ഏതു ജില്ലയിലേക്കും പോകാനുള്ള സൗകര്യം കൂടി പരിഗണിച്ചാണ് പാർക്കിങ് ചാലക്കുടിയിൽ മതിയെന്നു ധാരണയായതെന്ന് ആഭ്യന്തരവകുപ്പ് വൃത്തങ്ങൾ പറയുന്നു. അടുത്തയാഴ്ച പൊലീസ് ആസ്ഥാനത്തെ എഡിജിപിയും ചിപ്സൺ അധികൃതരുമായി കരാർ ഒപ്പുവയ്ക്കും. 3 വർഷത്തേക്കാണ് കരാർ.

Leave a Reply