കറാച്ചി: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ, ഖൈബർ പഖ്‌തുങ്‌ക്വ പ്രവിശ്യകളിലെ പള്ളികളിൽ വെള്ളിയാഴ്ചയുണ്ടായ ചാവേർ ആക്രമണങ്ങളിൽ 58 പേർ കൊല്ലപ്പെട്ടു. മരണസംഖ്യ ഉയരാൻ ഇടയുണ്ടെന്ന് അധികൃതർ അറിയിച്ചു. മണിക്കൂറുകളുടെ വ്യത്യാസത്തിലുണ്ടായ ആക്രമണങ്ങളിൽ നൂറിലേറെ പേർക്ക് പരിക്കേറ്റു.
ബലൂചിസ്ഥാനിലെ മസ്തങ്ങിൽ നബിദിന ഘോഷയാത്രാ തയാറെടുപ്പിനിടെ മദീന പള്ളിയിലായിരുന്നു ആദ്യ ചാവേർ ആക്രമണം. 54 പേർ തൽക്ഷണം മരിച്ചു. നൂറോളം പേർക്ക് പരിക്കേറ്റു. 18 പേരുടെ നില ഗുരുതരമാണ്. മസ്തങ് എഡിഎസ്‌പിയും ആക്രമണത്തിൽ കൊല്ലപ്പെട്ടു. നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.