സംസ്ഥാനത്ത് വൈദ്യുതിനിരക്ക് കൂട്ടുമോ? ഇന്ന് ഉന്നതതലയോഗം

0

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുമോയെന്ന് ഇന്നറിയാം. വൈദ്യുതി മന്ത്രി ഇന്ന് വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകും. വൈകിട്ട് നാല് മണിക്കാണ് യോഗം. ഡാമുകളില്‍ വെള്ളമില്ലാത്ത സ്ഥിതിയാണെന്നും മഴ പെയ്‌തില്ലെങ്കില്‍ വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി ഇന്നലെ പറഞ്ഞിരുന്നു.

സംസ്ഥാനത്തെ അണക്കെട്ടുകളിൽ സംഭരണശേഷിയുടെ 30 ശതമാനം വെള്ളം മാത്രമാണ് ശേഷിക്കുന്നത്. ദിവസം പത്ത് കോടി രൂപയുടെ അധിക വൈദ്യുതി വാങ്ങേണ്ടി വരുന്ന സാഹചര്യമാണുള്ളത്. എത്ര രൂപയ്ക്ക് വൈദ്യുതി വാങ്ങുന്നു എന്നതിനെ അശ്രയിച്ചായിരിക്കും നിരക്ക് വർദ്ധന സംബന്ധിച്ച് റെഗുലേറ്ററി ബോര്‍ഡാണ് തീരുമാനം എടുക്കുക. പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിന് അനുസൃതമായി സര്‍ചാര്‍ജ് ഏർപ്പെടുത്താനാണ് നീക്കം.

മഴ പെയ്താല്‍ വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരില്ല. പക്ഷെ മഴയില്ലെങ്കില്‍ നിരക്ക് വര്‍ധിപ്പിക്കേണ്ടി വരും. ഉപഭോക്താക്കളെ കഴിയുന്നത്ര വിഷമിപ്പിക്കാത്ത വിധമുള്ള നടപടിയാണ് സ്വീകരിക്കുക.ഡാമുകളില്‍ വെള്ളമില്ലാത്തതിനാല്‍ അധികമായി വേണ്ട വൈദ്യുതി പണം കൊടുത്ത് വാങ്ങേണ്ടി വരും. എത്ര രൂപ കൊടുത്ത് വൈദ്യുതി വാങ്ങണമെന്ന് ബോര്‍ഡ് യോഗത്തില്‍ തീരുമാനിക്കുമെന്ന് മന്ത്രി അറിയിച്ചു. സാഹചര്യം വിലയിരുത്തി വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെയടക്കം തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിരക്ക് വര്‍ധനവ് സംബന്ധിച്ച കാര്യത്തില്‍ തീരുമാനമെടുക്കുക.

Leave a Reply