കണ്ണൂരിലെ മലയോരത്ത് ഭീതി വിതയ്ക്കുന്ന രാത്രി യാത്രികനായ അജ്ഞാതനെ കണ്ടെത്താനാകാതെ പൊലീസും നാട്ടുകാരും. സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞെങ്കിലും നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന അജ്ഞാതനെ പിടികൂടാനായിട്ടില്ല. ബ്ലാക്ക്മാനെന്ന് പല വീടുകളുടെയും ചുവരിലെഴുതിയ അജ്ഞാതനെ കണ്ടെത്താന്‍ പൊലീസും നാട്ടുകാരും പണിപ്പെടുകയാണ്.
കണ്ണൂരിലെ മലയോരത്ത് കഴിഞ്ഞ രണ്ടാഴ്ചയോളമായി ആശങ്ക വിതയ്ക്കുകയാണ് അജ്ഞാതനായ രാത്രി യാത്രികന്‍. നാട്ടുകാര്‍ മാത്രമല്ല ഈ അജ്ഞാതനും സ്വയം വിശേഷിപ്പിക്കുന്നത് ബ്ലാക്ക് മാന്‍ എന്നുതന്നെ. ചെറുപുഴയിലെ വീടുകളുടെ ചുമരില്‍ ചിത്രങ്ങള്‍ വരക്കുകയും ഇംഗ്ലീഷിലും മലയാളത്തിലും ബ്ലാക്ക് മാനെന്ന് എഴുതുകയും ചെയ്തു. ഇതിനിടെ അജ്ഞാതന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. എന്നാല്‍ ദൃശ്യങ്ങള്‍ വ്യക്തമല്ല. ഓരോ സ്ഥലത്തും പരിശോധന വര്‍ധിക്കുമ്പോള്‍ അജ്ഞാതന്‍ അടുത്ത സ്ഥലത്തേക്ക് മാറും.