തിരുവനന്തപുരം: ഇടതുമുന്നണിയിൽ കുറച്ചുനാളായി അസംതൃപ്തനായി തുടരുന്ന കേരളാ കോൺഗ്രസ് (ബി) നേതാവ് കെ.ബി. ഗണേശ്‌കുമാർ എംഎൽഎയെ അടർത്തിയെടുക്കാനുള്ള നീക്കം സജീവമാക്കി യുഡിഎഫ് നേതൃത്വം. സ്പീക്കർ എ.എൻ. ഷംസീറിന്റെ ഗണപതി പരാമർശവിവാദവുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉയർത്തിയ എൻഎസ്എസ് നേതൃത്വത്തിന് ഒപ്പം നിൽക്കുകയും നിലപാട് വ്യക്തമാക്കുകയും ചെയ്തതിന് പിന്നാലെയാണ് ഗണേശ് കുമാറിനെ മുന്നണിയിലെത്തിക്കാൻ നീക്കം സജീവമാക്കിയത്.
ഇടതുമുന്നണിയുമായുള്ള ഗണേശ് കുമാറിന്റെ ബന്ധം വഷളാകുന്നുവെന്ന വിലയിരുത്തലിലാണ് യുഡിഎഫ് നേതൃത്വം. ഗണേശ് കുമാറിനെ ഉൾപ്പെടെ എത്തിച്ച് മുന്നണി വിപൂലീകരണമാണ് ലക്ഷ്യം. സ്പീക്കർ എ.എൻ. ഷംസീറിന്റെ ഗണപതി പരാമർശവിവാദത്തിൽ കർശന നിലപാട് സ്വീകരിച്ച എൻ എസ് എസിനൊപ്പമായിരുന്നു ഗണേശ്. ഗണേശ്‌കുമാർ എൻ.എസ്.എസ്. ഡയറക്ടർ ബോർഡ് അംഗവുമാണ്. എൻ.എസ്.എസിനും ഗണേശ്‌കുമാർ ഇടതുമുന്നണിയിൽ തുടരുന്നതിനോട് താത്പര്യമില്ലെന്നാണു സൂചന. കേരളാ കോൺഗ്രസ് (ബി)യുടെ മുന്നണി മാറ്റത്തിൽ എസ്എസ്എസിന്റെ നിലപാടും അനുകൂലമാകുമെന്നാണ് പ്രതീക്ഷ
മന്ത്രിസഭാ രൂപീകരണ സമയത്ത് ഇടതു മുന്നണിയിൽ എടുത്ത ധാരണപ്രകാരം മൂന്നുമാസം കഴിയുമ്പോൾ ഗണേശിന് മന്ത്രിപദവി കിട്ടേണ്ടതാണ്. നിലവിലെ സാഹചര്യത്തിൽ അതുണ്ടാകാൻ ഇടയില്ല. സർക്കാരിനെതിരേ പരസ്യവിമർശനങ്ങൾ ഉന്നയിക്കുന്നത് അടക്കം ഗണേശ്‌കുമാറിനെതിരെ മുന്നണി നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഗണേശ്‌കുമാറിനെ മന്ത്രിയാക്കുന്നതിനെതിരേ അദ്ദേഹത്തിന്റെ സഹോദരിതന്നെ മുഖ്യമന്ത്രിയേയും സിപിഎമ്മിനെയും സമീപിച്ചതടക്കം വിവാദമായിരുന്നു. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണു ചില മുതിർന്ന കോൺഗ്രസ് നേതാക്കൾ ഗണേശ്‌കുമാറുമായി ആശയവിനിമയം നടത്തിയത്.
ഉമ്മൻ ചാണ്ടിയുടെ മരണത്തോടെ, ഗണേശ്‌കുമാറിനോടു കോൺഗ്രസിലുണ്ടായിരുന്ന എതിർപ്പ് ഇല്ലാതായിട്ടുണ്ട്. കോൺഗ്രസിലെ ഗ്രൂപ്പ് സമവായങ്ങളിലുണ്ടായ മാറ്റവും അദ്ദേഹത്തിന് അനുകൂലമാണ്. .
യു.ഡി.എഫിൽ മടങ്ങിയെത്തിയാൽ കേരള കോൺഗ്രസി(ബി)ന് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രണ്ട് സീറ്റ് നൽകും. കൊട്ടാരക്കരയിലും പത്തനാപുരത്തും ഗണേശിന്റെ പാർട്ടിക്ക് നൽകാനാണ് യുഡിഎഫിലെ ധാരണ. ലഭിക്കാനും സാധ്യതയുണ്ട്. എൻ.എസ്.എസ്. ഇടപെട്ട് അത് വാങ്ങിത്തരുമെന്നും അവർ കരുതുന്നു.
എൻ.സി.പിയുമായി ഇടഞ്ഞുനിൽക്കുന്ന തോമസ് കെ. തോമസ് എംഎൽഎയേയും യു.ഡി.എഫ്. ലക്ഷ്യമിടുന്നുണ്ട്. അദ്ദേഹത്തിനെതിരായ വധഭീഷണി പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചത് ഇതിന്റെ ഭാഗമാണ്. മുന്നണി മാറിയാൽ അയോഗ്യതയ്ക്കു കാരണമായേക്കുമെന്ന ഭയം തോമസിനുണ്ട്. എൻ സി പി ദേശീയ തലത്തിൽ പിളർപ്പിലാണ്. എല്ലാ സാഹചര്യങ്ങളും തോമസ് കെ തോമസ് പരിശോധിക്കുന്നുണ്ട്. അതിന് ശേഷം ഉചിത തീരുമാനം എടുക്കും.