വിമാനാപകടത്തില്‍ കൂലിപ്പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പ് തലവന്‍ യെവ്ഗിനി പ്രിഗോഷിന്‍ കൊല്ലപ്പെട്ടതില്‍ അത്ഭുതപ്പെടാനില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്റെ അറിവില്ലാതെ ഇതൊന്നും നടക്കാന്‍ സാധ്യതയില്ലെന്നാണ് ജോ ബൈഡന്റെ പ്രതികരണം. അമേരിക്കയുടെ കണ്ണിലെ കരടായിരുന്ന പ്രിഗോഷിന്‍ അമേരിക്കയിലെ പൊതുതെരഞ്ഞെടുപ്പുകളില്‍ ഇടപെട്ടെന്ന് പരസ്യമായി സമ്മതിക്കുകയും ചെയ്തിരുന്നു.
എന്താണ് നടന്നത് എന്ന് ഇനിയും വ്യക്തത വന്നിട്ടില്ലെങ്കിലും എങ്ങനെയായാലും ഈ വാര്‍ത്തയില്‍ അത്ഭുതപ്പെടാനില്ലെന്നാണ് തന്റെ അഭിപ്രായമെന്ന് ബൈഡന് വിശദീകരിച്ചു. പ്രിഗോഷിന്‍ താന്‍ ആയിരുന്നെങ്കില്‍ താന്‍ വളരെ സൂക്ഷ്മത പുലര്‍ത്തിയേനെയെന്ന് മുന്‍പ് ബൈഡന്‍ പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. കഴിയ്ക്കുന്ന ഭക്ഷണത്തില്‍ ഉള്‍പ്പെടെ പ്രിഗോഷിന്‍ കടുത്ത ജാഗ്രത പുലര്‍ത്തണമെന്നും ബൈഡന്‍ സൂചിപ്പിച്ചിരുന്നു.