ഛത്തീസ്ഗഢിൽ നിന്ന് അഞ്ച് വർഷം മുമ്പ് കാണാതായ മാധ്യമപ്രവർത്തകയുടെ മൃതദേഹം കണ്ടെത്തി. ഛത്തീസ്ഗഢിലെ കോർബ-ദാരി റോഡിൽ പോളിത്തീൻ ഷീറ്റിൽ പൊതിഞ്ഞ നിലയിലറിയിരുന്നു മൃതദേഹം. വാർത്താ അവതാരക സൽമ സുൽത്താനയെ കണ്ടെത്താൻ പൊലീസ് തെരച്ചിൽ നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് മൃതദേഹം കണ്ടെത്തിയത്. മാധ്യമപ്രവർത്തകയെ കൊന്ന് കുഴിച്ചുമൂടിയതാണെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് മൃതദേഹം കണ്ടെത്തുന്നതിനായി കോർബ-ദാരി നാലുവരിപ്പാത കുഴിച്ച് പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചത്. മൃതദേഹത്തോടൊപ്പം ഒരു ജോടി ചെരിപ്പും കണ്ടെടുത്തു. അതേസമയം മൃതദേഹം തിരിച്ചറിയാൻ സൽമയുടെ കുടുംബത്തിന് കഴിഞ്ഞിട്ടില്ല.
കോർബയുടെ പ്രാന്തപ്രദേശമായ കുസ്മുണ്ട സ്വദേശിയാണ് പതിനെട്ടുകാരിയായ സൽമ സുൽത്താന. 2018 ഒക്ടോബർ 21ന് കുസ്മുണ്ടയിൽ നിന്ന് കോർബയിലേക്ക് ജോലിക്കായി പോയ സൽമയെ പിന്നീട് കാണാതാവുകയായിരുന്നു. വീട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും ഒരു തുമ്പും കിട്ടാത്തതിനെ തുടർന്ന് പൊലീസിൽ പരാതി നൽകി. കേസന്വേഷണത്തിനിടെയാണ് ഇപ്പോഴത്തെ ഈ നിർണായക കണ്ടെത്തൽ.