കോട്ടയത്ത് സ്കൂള്‍ അധ്യാപികയില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന് പിടിയിലായ ഹെഡ്മാസ്റ്റര്‍ക്കും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കും സസ്പെന്‍ഷന്‍. കോട്ടയം ചാലുകുന്ന് സിഎൻഐ എൽപി സ്‌കൂൾ ഹെഡ്‌മാസ്റ്റർ സാം ജോൺ ടി തോമസ്, കോട്ടയം വെസ്റ്റ് എ.ഇ.ഒ മോഹന്‍ദാസ് എം.കെ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ പ്രാഥമികാന്വേഷണം നടത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസിന് നിര്‍ദേശം നല്‍കിയിരുന്നു.
വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. മറ്റൊരു സ്‌കൂളിലെ അധ്യാപികയുടെ സർവീസ് റെഗുലറൈസ് ചെയ്തു കൊടുക്കുന്നതിനായി എഇഒയ്ക്ക് നൽകുന്നതിനെന്ന പേരിലാണ് ഹെഡ്‌മാസ്റ്റർ സാം ജോൺ ടി തോമസ് 10000 രൂപ കൈക്കൂലി വാങ്ങിയത്. ഇതിനിടെയിലാണ് വിജിലൻസ് സംഘം ഇദ്ദേഹത്തെ പിടികൂടിയത്.