ജയ്പൂർ: രാജസ്ഥാനിലെ കോട്ടായിൽ ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) പ്രവേശന പരീക്ഷയ്ക്ക് പരിശീലനം നേടിയിരുന്ന 17കാരൻ ജീവനൊടുക്കി. മുറിയിൽ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ വിദ്യാർത്ഥിയെ കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഉത്തർപ്രദേശിലെ അസംഗഢ് നിവാസിയായ കുട്ടി ഒരു വർഷം മുമ്പാണ് കോട്ടായിലെ പരിശീലന കേന്ദ്രത്തിൽ ജെഇഇ പരിശീലനം നേടുന്നതിനായി എത്തിയത്.
ഈയാഴ്ച ആദ്യം വിദ്യാർത്ഥിയുടെ പിതാവ് കോച്ചിംഗ് സെന്ററിൽ കാണാൻ എത്തിയിരുന്നു. അഞ്ചുദിവസം വിദ്യാർത്ഥിയോടൊപ്പം പിതാവും റൂമിൽ താമസിച്ചിരുന്നു എന്നാണ് വിവരം. തുടർന്ന് വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് പിതാവ് പോയി ഏതാനും മണിക്കൂറുകൾക്കുള്ളിൽ ആണ് സംഭവം. വ്യാഴാഴ്ച രാത്രി വിദ്യാർത്ഥി ഹോസ്റ്റലിലെ മെസ്സിൽ അത്താഴം കഴിച്ച ശേഷം രാത്രി ഏഴ് മണിയോടെ തന്റെ മുറിയിലേക്ക് മടങ്ങി. എന്നാൽ അസംഗഢിലേക്ക് പോകുകയായിരുന്ന പിതാവ് മകനെ നിരവധി തവണ ഫോണിൽ ആവർത്തിച്ച് വിളിച്ചിട്ടും പ്രതികരിക്കാത്തതിനെത്തുടർന്ന് ഇക്കാര്യം തിരക്കാനായി പിതാവ് തന്നെ ഹോസ്റ്റൽ വാർഡനെ വിളിച്ചു. എന്നാൽ വാർഡൻ ചെന്ന് നോക്കിയപ്പോൾ കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.