തിരുവനന്തപുരം: വിനായകചതുർത്ഥി ദിനത്തിൽ അരിക്കൊമ്പന് വേണ്ടി പ്രത്യേക പൂജകളും വഴിപാടും നടത്തി ആരാധകർ. തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലായിരുന്നു ആനയ്ക്ക് വേണ്ടി അരിക്കൊമ്പൻ ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ പൂജ നടത്തിയത്. ആനയുടെ ആയുസിനും ആരോഗ്യത്തിനും വേണ്ടിയായിരുന്നു വഴിപാട്. അരിക്കൊമ്പൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ ‘അരിക്കൊമ്പന്റെ ആയുരാരോഗ്യത്തിനും നീതിയ്ക്കും വേണ്ടി പഴവങ്ങാടി ഗണപതി സന്നിധിയിൽ കൂട്ടപ്രാർത്ഥനയും നാളികേരം ഉടയ്ക്കലും’ എന്നെഴുതിയ ഫ്ലക്സുമായാണ് അരിക്കൊമ്പൻ ഫാൻസ് ക്ഷേത്രത്തിലെത്തിയത്.
അരിക്കൊമ്പനെ ചിന്നക്കനാലിലേയ്ക്ക് തിരിച്ചെത്തിക്കണം എന്ന് ആവശ്യപ്പെട്ട് പ്രൊട്ടക്ടേഴ്സ് ഓഫ് എൻവയൺമെന്റ് ആൻഡ് ആനിമൽ ലൈവ് എന്ന സംഘടനയുടേയും അരിക്കൊമ്പൻ ഫാൻസ് അസോസിയേഷന്റെയും നേതൃത്തത്തിലാണ് ഒപ്പുശേഖരണം നടത്തിയത്. അരിക്കൊമ്പന്‍റെ മോചനത്തിനായി കേരളത്തിലെ മുഴുവൻ ജില്ലകളിൽ നിന്നുമായി 14 ലക്ഷം പേരുടെ ഒപ്പു ശേഖരിക്കുന്ന ഭീമ ഹർജിയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.
ആനയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി അധ്യക്ഷനായ ദേശീയ വന്യജീവി ബോർഡിന് നിവേദനം നൽകിയതായി ഭാരവാഹികൾ പറഞ്ഞു. അരിക്കൊമ്പൻ ആനക്കൂട്ടത്തിലുണ്ടെന്ന് പറഞ്ഞ് കാണിക്കുന്ന ചിത്രങ്ങൾ യഥാർത്ഥമല്ല. ആനയുടെ കൂടുതൽ വിശദാംശങ്ങൾ ലഭിക്കണമെന്നും അരിക്കൊമ്പൻ ഫാൻസ് അസോസിയേഷൻ അറിയിച്ചു.- അതേസമയം നാട്ടില്‍ നടക്കുന്ന ബഹളൊന്നുമറിയാതെ അരിക്കൊമ്പന്‍ കോതയാറില്‍ സുഖമായി കഴിയുന്നുവെന്നാണ് തമിഴ്നാട് വനംവകുപ്പ് അറിയിച്ചത്.