അമ്മയുടെ പരിചയക്കാരിയാണ്, അത്യാവശ്യമായി ഫോൺ വേണമെന്നാവശ്യം; ഫോൺ ചെയ്യുന്നെന്ന വ്യാജേന വീടിനു പുറത്തിറങ്ങിയ ലത ഓട്ടോറിക്ഷയിൽ കയറി കടന്നുകളഞ്ഞു; മൊബൈൽ തട്ടിയെടുത്ത് കടന്ന സ്ത്രീ പിടിയിൽ

0


പേരൂർക്കട: തഞ്ചത്തിൽ മൊബൈൽഫോൺ മോഷ്ടിച്ചു കടന്ന സ്ത്രീ അറസ്റ്റിൽ. ഫോൺ ചെയ്യാനെന്ന് പറഞ്ഞ് വാങ്ങിയശേഷം വിലകൂടിയ മൊബൈലുമായി യുവതി കടന്നുകളയുകയായിരുന്നു. യുവതിയെ പേരൂർക്കട പൊലീസ് പിടികൂടി. വിളപ്പിൽ വില്ലേജിൽ കാക്കാമുകൾ വാർഡിൽ കാവുംപുറം ഹൗസിങ് കോളനിയിൽ താമസിക്കുന്ന ലതയാണ് (44) പിടിയിലായത്.

വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ ശാസ്തമംഗലം പൈപ്പിന്മൂടാണ് സംഭവം നടന്നത്. ഇവിടെ താമസിക്കുന്ന സിന്ധുവിന്റെ വീട്ടിൽ ലതയെത്തി. സിന്ധുവിന്റെ മകൾ ലക്ഷ്മി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. അമ്മയുടെ പരിചയക്കാരിയാണെന്നും പറഞ്ഞെത്തിയ ലത അത്യാവശ്യമായി ഒരാളെ വിളിക്കാനെന്നും പറഞ്ഞ് ലക്ഷ്മിയിൽനിന്ന് മൊബൈൽ വാങ്ങി.

ഫോൺ ചെയ്യുന്നെന്ന വ്യാജേന വീടിനു പുറത്തിറങ്ങിയ ലത അതുവഴിയെത്തിയ ഓട്ടോറിക്ഷയിൽ കയറി കടന്നുകളഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. തട്ടിയെടുത്ത മൊബൈൽ ഫോൺ ഓഫ് ചെയ്ത നിലയിലായിരുന്നു. സൈബർ വിഭാഗത്തിന്റെ സഹായത്തോടെ പൊലീസ് സ്ഥലം തിരിച്ചറിഞ്ഞു. തുടർന്ന് കാവുംപുറത്തുനിന്നും പ്രതിയെ പിടികൂടി. മൊബൈലും പൊലീസ് കണ്ടെത്തി.

പേരൂർക്കട ഇൻസ്‌പെക്ടർ സൈജുനാഥിന്റെ നേതൃത്വത്തിൽ എസ്‌ഐ. വൈശാഖ് കൃഷ്ണൻ, എഎസ്ഐ. സന്ധ്യ, സി.പി.ഒ.മാരായ പ്രശാന്ത്, അനിൽകുമാർ, ആദർശ്, ഷംല, സിന്ധു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. വിളപ്പിൽശാല, മലയിൻകീഴ് സ്റ്റേഷനുകളിലും പ്രതിക്കെതിരേ സമാനരീതിയിലുള്ള നിരവധി കേസുകൾ ഉള്ളതായി പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here