ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഗെയിമായ “പബ്‌ജി” കളിയിലൂടെ പരിചയപ്പെട്ട കാമുകനെത്തേടി ഇന്ത്യയിലെത്തിയ പാകിസ്‌താന്‍ യുവതി സീമ ഹൈദറെ തേടി സഹായ പ്രവാഹം. ജോലി, സിനിമാ അഭിനയം തുടങ്ങി അവരെത്തേടി അവസരങ്ങളുടെ പെരുമഴയാണെന്നാണു റിപ്പോര്‍ട്ട്.
കാമുകന്‍ സച്ചിന്‍ മീണയെ വിവാഹം കഴിക്കാന്‍ പാകിസ്‌താനില്‍നിന്നു അനധികൃതമായി അതിര്‍ത്തി കടന്നാണു സീമയെത്തിയത്. പിന്നാലെ അവര്‍ ചാരവനിതയാണെന്ന രീതിയില്‍ റിപ്പോര്‍ട്ടുകളും പുറത്തുവന്നു. യു.പി. പോലീസ് അവരെ ചോദ്യംചെയ്യുകയും ചെയ്‌തു.
വിവാദങ്ങള്‍ അടങ്ങിയശേഷമാണു അവസരങ്ങള്‍ എത്തിത്തുടങ്ങിയത്. ഗുജറാത്തില്‍നിന്നുള്ള ഒരു വ്യവസായി ജോലി വാഗ്‌ദാനമാണു സീമയ്‌ക്കു നല്‍കിയത്. സീമയ്‌ക്കും സച്ചിന്‍ മീണയ്‌ക്കും 50,000 രൂപ വീതം പ്രതിമാസ ശമ്പളം ലഭിക്കുന്ന ജോലിയാണ് അദ്ദേഹത്തിന്റെ വാഗ്‌ദാനം.
ഒരു ചലച്ചിത്ര നിര്‍മ്മാതാവ് സീമ ഹൈദറിന് സിനിമയില്‍ വേഷം വാഗ്‌ദാനം ചെയ്‌തു. സീമയുടെയും സച്ചിന്റെയും വീട് സന്ദര്‍ശിച്ച് നിര്‍മ്മാതാവ് അമിത് ജാനിം അഡ്വാന്‍സും നല്‍കി.
സീമയുടെയും സച്ചിന്റെയും വീടിനു ചുറ്റും ഏര്‍പ്പെടുത്തിയ കനത്ത സുരക്ഷകാരണം ഇരുവര്‍ക്കും ജോലി ചെയ്‌തു ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. തങ്ങളുടെ ബുദ്ധിമുട്ട് അവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ലോകത്തെ അറിയിക്കുകയും ചെയ്‌തു.
തുടര്‍ന്നാണു കത്തുകള്‍ എത്തിത്തുടങ്ങിയത്. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെ റബ്ബുപൂര്‍ ഗ്രാമത്തിലുള്ള ഇവരുടെ വീട്ടില്‍ ലഭിച്ച ആദ്യ കത്ത് തന്നെ പരിഭ്രാന്തി സൃഷ്‌ടിച്ചു. കത്ത് തുറക്കാന്‍ സീമ ശ്രമിച്ചെങ്കിലും ഭീഷണി സന്ദേശമാണെന്നു സംശയിച്ച് അവരുടെ സംരക്ഷണത്തിനായി നിയോഗിച്ച സുരക്ഷാ ഉദ്യോഗസ്‌ഥര്‍ തടഞ്ഞു. സുരക്ഷാ ഉദ്യോഗസ്‌ഥര്‍ സംഭവം ഉന്നത അധികാരികളെ അറിയിക്കുകയും ഉത്തരവ് ലഭിച്ച ശേഷം അവര്‍ കത്ത് തുറക്കുകയും ചെയ്‌തു. തുടര്‍ന്നു പരിശോധിച്ചപ്പോഴാണു ജോലി വാഗ്‌ദാനമാണു ലഭിച്ചതെന്നു വ്യക്‌തമായത്.