കോഴിക്കോട്: സുരക്ഷാ കോഡുകൾ മറികടന്നു സ്വകാര്യബാങ്കിലെ സ്ഥിര നിക്ഷേപത്തിൽ നിന്നു ഓൺലൈൻ തട്ടിപ്പു സംഘം മൂന്നരലക്ഷം രൂപ തട്ടിയെടുത്തു. ബാങ്കിന്റെ മൂന്ന് രഹസ്യ കോഡുകളും രണ്ട് ഒടിപി കോഡും ഉൾപ്പെടെയുള്ള സുരക്ഷ മറികടന്നാണ് തട്ടിപ്പ്. ഇതാദ്യമായാണ് ഇത്രയും സുരക്ഷാ കോഡുകൾ മറികടന്നുള്ള തട്ടിപ്പ് നടക്കുന്നത്. സംഭവത്തിൽ കോഴിക്കോട് സൈബർ പൊലീസ് സംഘം കേസെടുത്ത് അന്വേഷണം തുടങ്ങി.
നടക്കാവ് വണ്ടിപ്പേട്ട സ്വദേശിയുടെ പണമാണ് നഷ്ടമായത്. സേവിങ്സ് ബാങ്ക്, സ്ഥിര നിക്ഷേപ അക്കൗണ്ടുകളിൽ നിന്നായി നാലര ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷവും പിന്നാലെ സ്ഥിര നിക്ഷേപത്തിൽ നിന്നും മൂന്നര ലക്ഷവും നഷ്ടമാകുക ആയിരുന്നു. സർക്കാർ ടെക്നിക്കൽ വകുപ്പിൽ നിന്നു വിരമിച്ച ശേഷം വിദേശത്തു ജോലി ചെയ്ത ആളാണ് ഇദ്ദേഹം.
ഓൺലൈനിൽ ട്രെയിൻ ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ ശ്രമിച്ചപ്പോഴാണ് പണം നഷ്ടമായത്. വന്ദേ ഭാരത് ട്രെയിനിൽ ബുക്ക് ചെയ്ത ടിക്കറ്റ് ഐആർസിടിസി സൈറ്റ് വഴിയാണ് ക്യാൻസൽ ചെയ്യാൻ ശ്രമിക്കവെയാണ് പണം നഷ്ടമായത്. ഫോൺ വഴി സൈറ്റ് തുറന്നപ്പോൾ സമാനമായ മറ്റൊരു വെബ്സൈറ്റും തുറന്നു. ഇതിൽ ആവശ്യപ്പെട്ട ഒടിപി നമ്പറുകളും നൽകി. പണം അക്കൗണ്ടിൽ തിരിച്ചു എത്തിയെന്നു സന്ദേശം വന്നു.
ഇതു പരിശോധിച്ചപ്പോൾ അക്കൗണ്ടിൽ നിന്നു 50,000 രൂപ പിൻവലിച്ചതായി സന്ദേശം വന്നു. സെക്കൻഡുകൾക്കകം വീണ്ടും 50,000 രൂപ പിൻവലിച്ചു. ബാങ്ക് മാനേജരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിയാത്തതിനെ തുടർന്ന് നേരിട്ടു ബാങ്കിലെത്തി. തുടർന്ന് മാനേജർ പരിശോധിച്ചപ്പോഴാണ് സ്ഥിരനിക്ഷേപത്തിലെ മൂന്നര ലക്ഷവും നഷ്ടപ്പെട്ടതായി കണ്ടത്.