ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും. സംഭവത്തിൽ പൊലീസ് രണ്ടാംഘട്ട അന്വേഷണം ഉടൻ പൂർത്തിയാക്കും. കോഴിക്കോട് സിറ്റി പൊലീസാണ് കുറ്റപത്രം സമർപ്പിക്കുക.
ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ളവർ കുറ്റക്കാരാണെന്നുകാണിച്ചാണ് കോടതിയിൽ കുറ്റപത്രം നൽകുക. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുതന്നെയാണ് കത്രിക കുടുങ്ങിയതെന്ന നിലപാടിലാണ് പോലീസ്.
മെഡിക്കൽ കോളേജിൽ നിന്നാണ് കത്രിക കുടുങ്ങിയതെന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളും പൊലീസ് ശേഖരിച്ചു. വയറ്റിൽ നിന്ന് കണ്ടെത്തിയ കത്രിക കാന്തികാർഷണമുള്ളതാണെന്ന് ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായി. സ്‌കാനിംഗ് മെഷിനുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലും ശരീരത്തിൽ ലോഹത്തിന്റെ അംശമുണ്ടെങ്കിൽ അത് തിരിച്ചറിയുമെന്നാണ് പൊലീസിന് വ്യക്തമായത്.
ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ പോലീസ് റിപ്പോർട്ട് ജില്ലാതല മെഡിക്കൽ ബോർഡ് തള്ളിയതിന് പിന്നാലെ സംസ്ഥാന അപ്പീൽ അതോറിറ്റിയ്ക്ക് അപ്പീൽ നൽകാനായിരുന്നു പൊലീസ് തീരുമാനം.
കോഴിക്കോട് കമ്മീഷണർ അപ്പീൽ നൽകാനുള്ള ഫയൽ നീക്കിയെങ്കിലും അപ്പീൽ പോകേണ്ടെന്നും പൊലീസ് അന്വേഷണവുമായി മുന്നോട്ടുപോകാമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കോഴിക്കോട് പൊലീസിന് നിർദേശം നൽകി. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നാണ് കത്രിക കുടുങ്ങിയതെന്ന് പറയാൻ സാധിക്കില്ലെന്ന് കണ്ടെത്തിയ മെഡിക്കൽ ബോർഡ് ചികിത്സ പിഴവുണ്ടെന്നുള്ള കാര്യം റിപ്പോർട്ടിൽ അംഗീകരിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രസവശസ്ത്രക്രിയ നടത്തിയ കോഴിക്കോട് മെഡിക്കൽ കോളജിലെ രണ്ട് ഡോക്ടർമാർക്കും നഴ്‌സുമാർക്കുമെതിരെ കേസെടുത്ത് മുന്നോട്ടുപോകാനാണ് പൊലീസ് ആലോചിക്കുന്നത്.