പ്രസവ ശസ്ത്രക്രിയ്ക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോക്ടർമാരെയും നഴ്‌സുമാരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ പൊലീസ് നിയമോപദേശം തേടി. ഇതുമായി ബന്ധപ്പെട്ട ഫയൽ ഗവ. പ്ലീഡർക്ക് നൽകി. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണത്തിനായി മെഡിക്കൽ കോളജ് എസിപി കെ.സുദർശന്റെ നേതൃത്വത്തിലുള്ള സംഘം എറണാകുളത്തേക്ക് പോകും.
ഹർഷിനയുടെ വയറ്റിൽ കത്രിക മറന്ന് വെച്ചത് കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് തന്നെയാണ് എന്ന ഉറച്ച നിലപാടിലാണ് പൊലീസ്. അതിനാൽ ഹർഷിനയുടെ മൂന്നാമത്തെ പ്രസവ സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ട് ഡോക്ടർമാരെയും, രണ്ട് നഴ്‌സുമാരെയും പ്രതിപട്ടികയിൽ ഉൾപ്പെടുത്താനാണ് പൊലീസ് തീരുമാനം. കഴിഞ്ഞ ദിവസം പൊലീസ് റിപ്പോർട്ട് മെഡിക്കൽ ബോർഡ് തള്ളിയതുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ പൊലീസ് ജില്ലാ മെഡിക്കൽ ഓഫിസറോട് തേടി.
പ്രധാനമായും യോഗത്തിൽ മുൻ നിശ്ചയിച്ച റേഡിയോളജിസ്റ്റ് എങ്ങനെ മാറി എന്ന കാര്യമാണ് അന്വേഷിച്ചത്.എന്നാൽ എറണാകുളം ജനറൽ ആശുപത്രിയിലെ റേഡിയോളജിസ്റ്റ് ഡോ. മിനിമോൾ മാത്യു അവധിയിലാണെന്ന് അറിയിച്ചതിനാലാണ് അവിടത്തെ ജൂനിയർ കൺസൽറ്റന്റായ ഡോ. കെ.ബി.സലീമിനെ നിയമിച്ചതെന്നായിരുന്നു ജില്ലാ മെഡിക്കൽ ഓഫീസറുടെ വിശദീകരണം. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണത്തിനായി മെഡിക്കൽ കോളജ് എസിപി കെ.സുദർശന്റെ നേതൃത്വത്തിലുള്ള സംഘം എറണാകുളത്തേക്ക് പോകും.