കൊച്ചി/ തിരുവനന്തപുരം: സീസണ്‍ പാതിപിന്നിടുമ്പോള്‍ സംസ്‌ഥാനത്ത് കാലവര്‍ഷം ദുര്‍ബലം. ഇതുവരെ 35% മഴക്കുറവ്. ഇനിയുള്ള രണ്ടുമാസം മഴ കുറയുമെന്ന പ്രവചനത്തില്‍ ഉയരുന്നത് വരള്‍ച്ചയുടെയും വറുതിയുടെയും ആശങ്ക.
ജൂണ്‍ ഒന്നു മുതല്‍ ജൂലൈ 31വരെ സാധാരണ 1301.7 മില്ലീമീറ്റര്‍(എം.എം) മഴയാണ് ലഭിക്കേണ്ടത്. ഇതുവരെ ലഭിച്ചത് 852 മില്ലീമീറ്റര്‍ മാത്രം. ജൂണില്‍ 60 ശതമാനമാണ് മഴക്കുറവ്. ജൂലൈ ആദ്യവാരം മഴ തിമിര്‍ത്തതോടെ കുറവ് 30 ശതമാനത്തിലെത്തി. വടക്കന്‍ കേരളത്തില്‍ മഴ ശക്‌തമായെങ്കിലും ഒന്‍പതു ശതമാനത്തിന്റെ മഴക്കുറവ് ജൂലൈയില്‍ രേഖപ്പെടുത്തി. പിന്നീട് കാലവര്‍ഷം ദുര്‍ബലമായി. ഓഗസ്‌റ്റിലും സെപ്‌റ്റംബറിലും മഴ കനക്കില്ലെന്നാണു കേന്ദ്ര കാലാവസ്‌ഥാ പ്രവചനം. ഇത് സംസ്‌ഥാനത്തെ ജലക്ഷാമത്തിലേക്കും വരള്‍ച്ചയിലേക്കും നയിച്ചേക്കാം.
നാലുമാസ മണ്‍സൂണ്‍ സീസണിലെ ആദ്യരണ്ടു മാസങ്ങളില്‍ എല്ലാ ജില്ലകളിലും സാധാരണയേക്കാള്‍ കുറവു മഴയാണു ലഭിച്ചത്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കാസര്‍ഗോഡാണ്; 1602.5 എം.എം. ഇവിടെയും സാധാരണ (1948.1 എം.എം) യിലേതിനേക്കാള്‍ 18% കുറവായിരുന്നു. രണ്ടാമതുള്ള കണ്ണൂരില്‍ (1436.6 എം.എം) 20 ശതമാനമാണു മഴക്കുറവ്.
കുറവ് മഴ തിരുവനന്തപുരം (339.2 എം.എം), പാലക്കാട് (596.5 എം.എം) ജില്ലകളിലാണ്. കാസര്‍ഗോഡ് (27%), കണ്ണൂര്‍ (17%), പത്തനംതിട്ട (5%), ആലപ്പുഴ ( 2%), കൊല്ലം (4%) ജില്ലകളില്‍ സാധാരണ ജൂലൈയില്‍ ലഭിക്കേണ്ട മഴയേക്കാള്‍ കൂടുതല്‍ ലഭിച്ചു.
ഒട്ടുമിക്ക നദികളിലും ജലനിരപ്പ് താണത് ആശങ്ക ഇരട്ടിയാക്കുന്നു. കെ.എസ്.ഇ.ബിയുടെ അണക്കെട്ടുകളില്‍ കഴിഞ്ഞ വര്‍ഷത്തേതിന്റെ പാതിയോളമേ ജലമുള്ളൂ. ഇടുക്കിയില്‍ സംഭരണശേഷിയുടെ 32%, ഇടമലയാറില്‍ 41%, ബാണാസുരയില്‍ 55%, കക്കിയില്‍ 38% എന്നിങ്ങനെയാണ് ജലനിരപ്പ്. കൂടുതലുള്ളത് ഷോളയാറില്‍ മാത്രം; സംഭരണശേഷിയുടെ 82%.
പസഫിക് സമുദ്രത്തില്‍ സജീവമായ എല്‍ നിനോ പ്രതിഭാസവും ഇന്ത്യന്‍ മഹാസമുദ്രത്തിലുള്ള ഐ.ഒ.ഡി (ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍) പ്രതിഭാസവുമാണ് ഇപ്പോള്‍ മണ്‍സൂണിനെ സ്വാധീനിക്കുന്നത്. സമുദ്രതാപനില കൂട്ടുന്ന എല്‍നിനോ മണ്‍സൂണിനുമുമ്പേ സജീവമായിരുന്നു. ഇതുമൂലം ഭേദപ്പെട്ട മഴയ്‌ക്കു വഴിവയ്‌ക്കുന്ന പോസിറ്റീവ് ഐ.ഒ.ഡി. രൂപപ്പെടുന്നില്ല. മധ്യ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ താപനില കൂടുന്നതും മഴയ്‌ക്ക് അനുകൂല കാലാവസ്‌ഥ രൂപപ്പെടാന്‍ തടസമാകുന്നുവെന്ന് കൊച്ചി ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാലയിലെ റഡാര്‍ ഗവേഷണ കേന്ദ്രം ഡയറക്‌ടര്‍ ഡോ.എസ്. അഭിലാഷ് വ്യക്‌തമാക്കുന്നു. മണ്‍സൂണിന്റെ ആരംഭത്തിലുണ്ടായ ബിപര്‍ജോയ് ചുഴലിക്കാറ്റും കാലവര്‍ഷം കുറച്ചു.
ഇനി മണ്‍സൂണ്‍ ശക്‌തിപ്രാപിക്കണമെങ്കില്‍ ബംഗാള്‍ ഉള്‍ക്കടലിലോ അറബിക്കടലിലോ തീരത്തോടു ചേര്‍ന്നു ന്യൂനമര്‍ദം രൂപപ്പെടണം. ബംഗാള്‍ ഉള്‍ക്കടലില്‍ തീരത്തുനിന്ന് വളരെയകലെ ന്യൂനമര്‍ദ സാധ്യയുണ്ട്. അതുപക്ഷേ, മണ്‍സൂണിന് ഗുണംചെയ്യില്ല. അറബിക്കടലില്‍ ന്യൂനമര്‍ദ സാധ്യത കുറവാണ്. ഇതോടെ, 2016-ലെ മഴക്കുറവ്, വരള്‍ച്ചാസമാന സാഹചര്യങ്ങളിലേക്കാണ് സംസ്‌ഥാനം പോകുന്നതെന്നും വിലയിരുത്തലുണ്ട്.