സ്പീക്കർ എ.എൻ.ഷംസീർ ഹൈന്ദവ ആരാധനമൂർത്തിയെ അവഹേളിച്ചെന്ന ആരോപണത്തിൽ സർക്കാർ നിലപാടിന് കാത്ത് എൻഎസ്എസ്. സിപിഐഎമ്മും ഷംസീറും നിലപാട് തിരുത്തില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്പീക്കർക്കെതിരെ സർക്കാർ നടപടിയുണ്ടാകുമോ എന്ന് എൻഎസ്എസ് ആരാഞ്ഞത്. സർക്കാർ നിലപാടും സമാനമെങ്കിൽ പ്രതിഷേധം കടുപ്പിക്കാനാണ് എൻഎസ്എസ് ആലോചന. പ്രതിഷേധത്തിൻ്റെ രൂപം എൻഎസ്എസ് ചർച്ച ചെയ്ത് തീരുമാനിക്കും. സമാന നിലപാടുള്ള മറ്റ് സമുദായ സംഘടനകളുമായി യോജിച്ച പ്രക്ഷോഭവും ആലോചനയിലുണ്ട്.
എ.എൻ ഷംസീറിനെതിരെ നിലപാട് കടുപ്പിക്കുയാണ് കോൺഗ്രസും ബിജെപിയും. വിവാദ പരാമർശം സ്പീക്കർ പിൻവലിക്കണമെന്നാവശ്യപ്പെട്ട കോൺഗ്രസ് എൻഎസ്എസിന് നിരുപാധിക പിന്തുണയും നൽകുന്നു. അതേസമയം ഷംസീറിനെതിരെ പ്രക്ഷോഭം ആരംഭിക്കാനാണ് ബി ജെ പി തീരുമാനം. സ്പീക്കറുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച എട്ടാം തീയതി നിയമസഭയിലേക്ക് മാർച്ച് സംഘടിപ്പിക്കും.