‘എം.വി ഗോവിന്ദൻ മലക്കം മറിഞ്ഞു, ഇനി സ്പീക്കർ തിരുത്തിയാൽ വിവാദം അവസാനിക്കും’; മിത്ത് വിവാദത്തിൽ ചെന്നിത്തല

0

മിത്ത് വിവാദത്തിൽ എം.വി ഗോവിന്ദൻ മലക്കം മറിഞ്ഞെന്ന് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് ഗണപതി കെട്ടുകഥയാണെന്ന് പറഞ്ഞ സിപിഐഎം സംസ്ഥാന സെക്രട്ടറി ഡൽഹിയിലെത്തിയപ്പോൾ മലക്കം മറിഞ്ഞു. തിരിച്ചടി ഭയന്നാണ് പാർട്ടി സെക്രട്ടറി നിലപാട് തിരുത്തിയത്. ഇനി സ്പീക്കർ കൂടി തിരുത്തിയാൽ വിവാദം അവസാനിക്കുമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

ഗണപതി മിത്താണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. എം.വി ഗോവിന്ദൻ തെറ്റ് തിരുത്തിയതിൽ സന്തോഷമുണ്ട്. പ്രതിപക്ഷത്തിന്റെ നിലപാട് ശരിയാണെന്ന് തെളിഞ്ഞു. വിഷയം ആളികത്തിക്കാൻ പ്രതിപക്ഷത്തിന് താൽപ്പര്യമില്ല. മതവിശ്വാസങ്ങളെ ബഹുമാനിച്ചില്ലെങ്കിലും അവഹേളിക്കരുത്. വർഗീയ ധ്രുവീകരണത്തിന് വഴിമരുന്ന് ഇടലായിരുന്നു സിപിഐഎം-ബിജെപി ലക്ഷ്യമെന്നും ചെന്നിത്തല.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ചേരി തിരിവുണ്ടാക്കാനുള്ള ശ്രമം ജനങ്ങൾ തിരിച്ചറിയും. പ്രതിപക്ഷ നേതാവിനെതിരെ എംവി ഗോവിന്ദൻ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. കേരളത്തിലെ യഥാർത്ഥ ധാരണ സിപിഐഎമ്മും ബിജെപിയും തമ്മിലാണ്. പ്രതിപക്ഷം പറയുന്നത് ബിജെപിയും ഏറ്റുപറഞ്ഞെന്നുവരാം. എന്ന് കരുതി അത് എങ്ങനെ ധാരണയാകുമെന്നും ചെന്നിത്തല ചോദിച്ചു.

Leave a Reply