വർഗീയ സംഘർഷം തുടരുന്നതിനിടെ മണിപ്പൂരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് നൽകി സർക്കാർ. ഇംഫാൽ ഈസ്റ്റ്, വെസ്റ്റ് ജില്ലകളിലെ കർഫ്യൂ ഇളവ് കാലാവധി ഒരു മണിക്കൂർ കൂടി നീട്ടി. ക്രമസമാധാന നില മെച്ചപ്പെട്ടതിനെ തുടർന്നാണ് തീരുമാനമെന്നാണ് സർക്കാർ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത്.
ഇംഫാലിലെ രണ്ട് ജില്ലകളിലും കർഫ്യൂ ഇളവ് സമയം രാവിലെ 5 മുതൽ രാത്രി 8 വരെ ആയിരുന്നു. ക്രമസമാധാനനിലയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും പൊതുജനങ്ങൾക്ക് മരുന്നുകളും ഭക്ഷ്യവസ്തുക്കളും ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ വാങ്ങുന്നതിന് സൗകര്യമൊരുക്കുന്നതിനായി ഗതാഗത നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ടെന്നും ഇരുജില്ലകളിലെയും ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസ് പ്രത്യേകം പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
അതേസമയം താഴ്‌വരയിലെ മറ്റ് ജില്ലകളായ തൗബാൽ, കാക്‌ചിംഗ്, ബിഷ്ണുപൂർ എന്നിവിടങ്ങളിൽ കർഫ്യൂ സമയം രാവിലെ 5 മുതൽ വൈകുന്നേരം 5 വരെ മാറ്റമില്ലാതെ തുടരും. സംസ്ഥാനത്ത് സ്ഥിതിഗതികൾ ഇപ്പോഴും സംഘർഷഭരിതമാണെന്നും എങ്കിലും കാര്യങ്ങൾ നിയന്ത്രണവിധേയമാണെന്നും മണിപ്പൂർ പൊലീസ് പുറത്തിറക്കിയ പ്രത്യേക പത്രക്കുറിപ്പിൽ പറയുന്നു. സംസ്ഥാനത്തിന്റെ സെൻസിറ്റീവ്, അതിർത്തി പ്രദേശങ്ങളിൽ സുരക്ഷാ സേന തെരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ്.
അതേസമയം, ചൊവ്വാഴ്ച രാത്രിയോടെ ചുരാചന്ദ്പൂർ ജില്ലയിലെ ചിംഗ്ഫെയ് ഗ്രാമത്തിന് സമീപം തീവ്രവാദികളുടെ ആക്രമണത്തെ തുടർന്ന് കോം യൂണിയൻ മണിപ്പൂർ പ്രസിഡന്റ് സെർട്ടോ അഹാവോ കോമിനെ (45) ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ പറഞ്ഞു. തനിക്ക് അറംബായ് ടെൻഗോൾ, മെയ്‌റ്റെ ലിപുൺ, കൊകോമി തുടങ്ങിയ മൈതേയ് ബോഡികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു മർദ്ദനമെന്ന് ഇംഫാലിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സാർട്ടോ മാധ്യമപ്രവർത്തകരോട് പറഞ്ഞു.