ഇടുക്കി നെടുങ്കണ്ടം മാവടിയിൽ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവം ആസൂത്രിത കൊലപാതകമെന്ന് പോലീസ് നിഗമനം. കൊല്ലപ്പെട്ട മാവടി സ്വദേശി പ്ലാക്കൽ സണ്ണിയെ പ്രതികൾ മനപൂർവ്വം വെടിവച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍. മാവടി സ്വദേശികളായ തകടിയേൽ സജി ജോൺ, മുകളേൽപറമ്പിൽ ബിനു, തിങ്കൾകാട് സ്വദേശി കല്ലിടുക്കിൽ വിനീഷ് എന്നിവരാണ് അറസ്റ്റിലായത്. കാട്ടുപന്നിയെ വെടിവെയ്ക്കുന്നതിനിടെ ഉന്നംതെറ്റി വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന ഗൃഹനാഥൻറെ തലയില്‍ വെടിയേറ്റു എന്നായിരുന്നു ആദ്യം കണ്ടെത്തിയത്.
എന്നാല്‍, പ്രതികളിൽ ഒരാളായ ബിനുവിനെ മുമ്പ് ചാരായ കേസിൽ അറസ്റ്റു ചെയ്തിരുന്നു. ചാരായ വാറ്റ് സംബന്ധിച്ച വിവരം നൽകിയത് സണ്ണിയാണെന്നാണ് ഇവർ കരുതിയിരുന്നത്. സജിയുടെ നിർദ്ദേശ പ്രകാരമാണ് ബിനു ചാരായം വാറ്റിയത്. ഇതാണ് വൈരാഗ്യത്തിന് കാരണം. പിടിയിലായ സജിയാണ് സണ്ണിയെ വെടിവച്ചത്.