കാൺപൂർ: പെൺകുട്ടിയുമായുള്ള സൗഹൃദത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ പത്താം ക്ലാസ് വിദ്യാർത്ഥി സഹപാഠിയെ കുത്തിക്കൊലപ്പെടുത്തി. ഉത്തർപ്രദേശ് കാൺപൂരിലെ ന്യൂ ആസാദ് നഗറിലെ പ്രയാഗ് ഇൻ്റർ കോളജിൽ ഇന്നലെയാണ് സംഭവം ഉണ്ടായത്. കഴിഞ്ഞ വർഷം ഇതേ ക്ലാസ്സിൽ പരാജയപ്പെട്ട ഇരുവരും തമ്മിൽ വേറെയും തർക്കം നില നിന്നിരുന്നതായാണ് റിപ്പോർട്ട്. ഇവർ തമ്മിൽ കഴിഞ്ഞ ദിവസവും വഴക്കുണ്ടായി. തുടർന്ന് വിദ്യാർത്ഥികളിൽ ഒരാൾ ഇന്നലെ കത്തിയുമായി സ്‌കൂളിലെത്തി. ഉച്ച ഭക്ഷണ സമയത്ത് ഇരുവരും വീണ്ടും തർക്കമുണ്ടാവുകയും ഇതിനിടെ ബാഗിൽ ഒളിപ്പിച്ച കത്തിയെടുത്തു സഹപാഠിയെ കുത്തുകയുമായിരുന്നു. അധ്യാപകരും വിവരമറിഞ്ഞെത്തിയ പോലീസും ചേർന്ന് വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.