മണിചെയിൻ മാതൃകയിൽ പിരിവ്, കമ്പനിയുടെ സ്വത്ത് കണ്ടുകെട്ടും; ആപ് വഴി ദിവസവും 2 മണിക്കൂർ പരസ്യ വിഡിയോ കണ്ടാൽ നിശ്ചിത പ്രതിഫലം

0


ഒറ്റപ്പാലം: മണിചെയിൻ മാതൃകയിൽ പൊതുജനങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിച്ചതായി കണ്ടെത്തിയ സ്വകാര്യ കമ്പനിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ സർക്കാർ ഉത്തരവ്. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈ വി 3 ആഡ്‌സ് മീഡിയ എന്ന കമ്പനിക്കെതിരെയാണു ഉത്തരവ്. ബഡ്‌സ് ആക്ട് (ബാനിങ് ഓഫ് അൺറഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീംസ്) പ്രകാരം ആഭ്യന്തരവകുപ്പിനു കീഴിൽ നിയോഗിച്ച കംപ്ലെയ്ന്റ് അഥോറിറ്റിയുടെതാണ് നടപടി.

അനധികൃത നിക്ഷേപത്തട്ടിപ്പുകാരുടെ സ്വത്തു മരവിപ്പിക്കാനും കണ്ടുകെട്ടാനും ജപ്തി ചെയ്യാനും പൊലീസിന് അധികാരം നൽകുന്നതാണു ബഡ്‌സ് ആക്ട്. ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണു കേരളത്തിൽ കമ്പനിയുടെ പേരിലുള്ള സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവായത്. വലിയ തുക നിക്ഷേപം നൽകി ഇടപാടിൽ കണ്ണികളാകുന്നവർ പുതിയ അംഗങ്ങളെ ചേർക്കണമെന്നും ഇതിനു പ്രതിഫലം നൽകുമെന്നുമാണു കമ്പനിയുടെ വാഗ്ദാനം.

പണം നിക്ഷേപിച്ചു പദ്ധതിയിൽ അംഗങ്ങളാകുന്നവരുടെ മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്ത ആപ് വഴി ദിവസവും 2 മണിക്കൂർ തുടർച്ചയായി പരസ്യ വിഡിയോകൾ കണ്ടാൽ നിശ്ചിത സംഖ്യ പ്രതിഫലം നൽകുന്ന നിലയിലാണ് ഇടപാടെന്നാണു കണ്ടെത്തൽ. കാണുന്നയാൾക്കും പദ്ധതിയിൽ ചേർത്തയാൾക്കും പ്രതിഫലം ലഭിക്കും.

Leave a Reply