ഓണം അടുത്തെത്തി. ആഘോഷത്തിന്റെ നാളുകളിലേക്ക് കടക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പെടെ ആഘോഷങ്ങൾ നടക്കും. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി കോളേജുകളിൽ ഉൾപ്പെടെ ഓണാഘോഷത്തിനൊപ്പമുള്ള വാഹനാഭ്യാസങ്ങളും നടക്കുന്നാതായും ഇതിൽ നിരവധി അപകടങ്ങൾ ഉണ്ടാകുന്നതായും വാർത്തകൾ വന്നിരുന്നു. ഇത്തവണ ഇത്തരത്തിലുള്ള ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് ട്രാൻസ്പോർട്ട് കമ്മീഷണർ.
ഓണാഘോഷത്തിൽ വാഹനങ്ങൾ ഉപയോഗിച്ചുള്ള ആഘോഷങ്ങളും അഭ്യാസങ്ങളും ശ്രദ്ധയിൽപ്പെട്ടാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ഉത്തരമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ആർ രാജീവ് മുന്നറിയിപ്പ് നൽകി. ബൈക്കുകൾ, കാറുകൾ, ജീപ്പുകൾ എന്നിവ കൂടാതെ ക്രെയിൻ വരെ ഓണാഘോഷം പൊലിപ്പിക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾ ആഘോഷമാക്കി എത്തിച്ചിട്ടുണ്ട്. വാഹനങ്ങൾ രൂപമാറ്റം വരുത്തിയാണ് എത്തിക്കുന്നത്. ഇവ ഉപയോഗിച്ച് കോളേജ് വളപ്പിലും റോഡുകളിലും റാലികൾ സംഘടിപ്പിക്കാറുണ്ട്. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയിലേക്ക് കടക്കുമെന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിക്കുന്നത്.