കമ്മീഷൻ തട്ടൻ മെഡിക്കൽ കോളേജിലെ യന്ത്രം മനഃപൂർവം കേടാക്കി ഡോക്ടർ; നശിപ്പിച്ചത് യൂറോളജി വിഭാഗത്തിലെ 20 ലക്ഷം രൂപ വിലയുള്ള യന്ത്രം: കേടാക്കിയത് കഴിഞ്ഞ ജനുവരിയിൽ ഇതേ കാരണത്താൽ പുതുതായി വാങ്ങിയ യന്ത്രം

0


തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിലെ 20 ലക്ഷം രൂപ വിലയുള്ള യന്ത്രം ഡോക്ടർ കേടാക്കിയെന്നു റിപ്പോർട്ട്. പ്രോസ്റ്റേറ്റ് രോഗികൾക്കു താക്കോൽദ്വാര ശസ്ത്രക്രിയ നടത്തുന്നതിനുവേണ്ടി വാങ്ങിയ യന്ത്രം കമമീഷൻ തട്ടുന്നതിനായി ഡോക്ടർ മനപ്പൂർവ്വം കേടാക്കിയതായി റിപ്പോർട്ട്. യൂറോളജി വിഭാഗത്തിലെ യന്ത്രമാണ് അവിടത്തെ ഡോക്ടർ മനഃപൂർവം കേടാക്കിയതായി ആരോപണം ഉയർന്നിരിക്കുന്നത്. യന്ത്രം കേടായതിനെക്കുറിച്ച് അന്വേഷണം നടത്തിയ ആശുപത്രി സൂപ്രണ്ട് ഡോ.എ.നിസാറുദീന്റെ റിപ്പോർട്ടിലാണ് ഈ വിവരം.

യൂറോളജി വിഭാഗം തലവൻ ഡോ.എ.സതീഷ് കുറുപ്പ് ഇതു സംബന്ധിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് സൂപ്രണ്ട് അറിയിച്ചു. റിപ്പോർട്ട് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർക്കു സമർപ്പിക്കും. യൂറോളജി വിഭാഗത്തിലെ തന്നെ ഡോക്ടർ പർച്ചേസ് കമ്മിഷൻ തട്ടാനായി ഉപകരണം കേടാക്കിയെന്നാണ് റിപ്പോർട്ട്. യന്ത്രം കേടായാൽ പുതിയതു വാങ്ങും. അപ്പോൾ ഡോക്ടർക്കും വൻതുക കമ്മീഷൻ ലഭിക്കും. ഇതിനു വേണ്ടിയാണ് അട്ടിമറി നടത്തിയത്.

കഴിഞ്ഞ ജനുവരിയിലും ഈ യന്ത്രം കേടായിരുന്നു. തുടർന്ന് യന്ത്രം നിർമ്മിച്ച കമ്പനിയുടെ പ്രതിനിധികൾ പരിശോധന നടത്തിയപ്പോൾ യന്ത്രം മനഃപൂർവം കേടാക്കിയതാണെന്നും കണ്ടെത്തിയിരുന്നു. അവർ റിപ്പോർട്ടും നൽകി. ഈ റിപ്പോർട്ടിൽ തുടർ നടപടികളോ അന്വേഷണമോ ഉണ്ടായില്ല. പകരം തൊട്ടടുത്ത മാസം പുതിയ യന്ത്രം വാങ്ങുകയും ചെയ്തു. ഈ യന്ത്രമാണ് ആറു മാസത്തിനുള്ളിൽ വീണ്ടും കേടാക്കിയത്. ക്യാമറയും മോണിറ്ററും ഉൾപ്പെടെ തകർന്നു. അറ്റകുറ്റപ്പണിക്ക് അഞ്ച് ലക്ഷം രൂപ ചെലവു വരും. സാധാരണ ഇത്തരം സംഭവങ്ങൾ പുറത്ത് വരാറില്ല. ഡോക്ടർമാർ തമ്മിലുള്ള ഉൾപ്പോരിന്റെ ഭാഗമായാണ് ഇത് പുറത്ത് വന്നത്.

ആരോപണ വിധേയനായ ഡോക്ടർ സംഭവം നിഷേധിക്കുന്നുണ്ടെങ്കിലും സൂപ്രണ്ടിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിക്കു സാധ്യതയുണ്ട്. ആരോപണ വിധേയനായ ഡോക്ടറുടെ കൂടി വിശദീകരണം തേടിയാകും സൂപ്രണ്ടിന്റെ റിപ്പോർട്ടിൽ തുടർനടപടി സ്വീകരിക്കുക. എന്നാൽ, മനഃപൂർവം യന്ത്രം കേടാക്കിയതാണെന്ന നിലപാടിൽ സൂപ്രണ്ട് ഉറച്ചുനിൽക്കുന്നു. യന്ത്രം കേടായതോടെ താക്കോൽദ്വാര ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സ ആഴ്ചകളോളം മുടങ്ങിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here