മുതലപ്പൊഴി വിഷയത്തിൽ സർക്കാർ മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുകയാണെന്ന് ആരോപിച്ച് ഇന്ന് കോൺഗ്രസ് പ്രതിഷേധം. അടൂർ പ്രകാശ് എംപിയുടെ നേതൃത്വത്തിൽ മുതലപ്പൊഴിയിൽ ഉപവാസ സമരം സംഘടിപ്പിക്കും. ചെറിയ ക്രെയിനുകൾ കൊണ്ടുവന്ന് തട്ടിക്കൂട്ട് പ്രവർത്തികൾ നടത്തി മത്സ്യത്തൊഴിലാളികളുടെ കണ്ണിൽ പൊടിയിടുകയാണ് സർക്കാർ ചെയ്യുന്നതെന്ന ആക്ഷേപം ഇതിനോടകം ഉയർന്നിട്ടുണ്ട്.
കടലിൽ വീണ ടെട്രാപോടുകൾ നീക്കം ചെയ്യാൻ ഇതുവരെയും സാധിച്ചിട്ടില്ല. പൊഴിമുഖത്ത് ഏഴു മീറ്റർ എങ്കിലും ആഴം വേണമെന്നതാണ് ആവശ്യം. നാലുദിവസം കൊണ്ട് പ്രവർത്തികൾ പൂർത്തിയാക്കുമെന്ന് സർക്കാർ നേരത്തെ ഉറപ്പുനൽകിയെങ്കിലും ഇഴഞ്ഞു നീങ്ങുകയാണ് കാര്യങ്ങൾ. കൂടുതൽ ശേഷിയുള്ള ക്രെയിൻ കൊണ്ടുവരുന്ന കാര്യത്തിലും ഇതുവരെ തീരുമാനമായിട്ടില്ല. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരും ഉപവാസത്തിന്റെ ഭാഗമാകും.