പെരുമാറ്റച്ചട്ട പരാതി: മാത്യു കുഴല്‍നാടനോട് വിശദീകരണം തേടി ബാര്‍ കൗണ്‍സില്‍

0

അഡ്വക്കേറ്റ് ആക്ട് ലംഘനവുമായി ബന്ധപ്പെട്ട പരാതിയില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയോട് വിശദീകരണം തേടി ബാര്‍ കൗണ്‍സില്‍. 14 ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നിർദ്ദേശം. മാത്യുവിന്റെ പേരിൽ ചിന്നക്കനാലിൽ റിസോർട്ടുണ്ടെന്നും പ്രാക്ടീസ് ചെയ്യവേ ബിസിനസ് നടത്തിയത് തെറ്റെന്നും ചൂണ്ടിക്കാട്ടിയിരുന്നു പരാതി.

കഴിഞ്ഞ ദിവസമാണ് ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ കോടതി യൂണിറ്റ് സെക്രട്ടറി അഡ്വ.സി.കെ.സജീവ് എംഎൽഎയ്‌ക്കെതിരെ പരാതി നൽകിയത്. കുഴൽനാടൻ അഭിഭാഷക ധാർമികത ലംഘിച്ചുവെന്നായിരുന്നു പരാതി. കുഴല്‍നാടന്റെ ബിസിനസുകള്‍ അഭിഭാഷക അന്തസിന് നിരക്കാത്തതാണെന്നും സജീവ് ചൂണ്ടിക്കാട്ടുന്നു.

മാത്യുവിന്റെ പേരിൽ ചിന്നക്കനാലിൽ റിസോർട്ട് ഉണ്ട്. മാത്യു കുഴല്‍നാടന്‍, ടോം സാബു, ടോണി സാബു എന്നിവര്‍ക്ക് ‘കപ്പിത്താന്‍സ് ബംഗ്ലാവ്’ എന്ന പേരിലുള്ള റിസോര്‍ട്ടിന് ചിന്നക്കനാല്‍ പഞ്ചായത്ത് ലൈസന്‍സ് നല്‍കിയിരുന്നു. ലൈസന്‍സ് അപേക്ഷ നല്‍കിയത് പാര്‍ട്ണര്‍ഷിപ് സ്ഥാപനമല്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ റൂൾ 47 പ്രകാരം എൻറോൾ ചെയ്ത അഭിഭാഷകൻ ഇത്തരം ബിസിനസുകൾ ചെയ്യാൻ പാടില്ലെന്നും പരാതിക്കാരൻ ആരോപിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here