സാമ്പത്തിക ക്രമക്കേടാരോപണം ഉയർന്നതോടെ ചേതന പാലിയേറ്റീവ് സൊസൈറ്റിയിൽ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. അമ്പലപ്പുഴ എംഎൽഎ എച്ച് സലാം എട്ടു വർഷത്തിനിടെ ആദ്യമായാണ് കണക്ക് അവതരിപ്പിക്കുന്നത്. പൊതുയോഗത്തിൽ എച്ച് സലാമിനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തു. നേരത്തെ കോടികളുടെ പണമിടപാട് നടക്കുന്ന സൊസൈറ്റിയുടെ വരവ് ചെലവ് കണക്കുകൾ പുറത്തുവിടാത്തത് വിവാദമായിരുന്നു.
സിപിഐഎം നിയന്ത്രണത്തിലുള്ള പാലിയേറ്റീവ് സൊസൈറ്റിയിൽ ക്രമക്കേടെന്ന് ആരോപിച്ച് അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട തോട്ടപ്പള്ളി മുൻ ലോക്കൽ സെക്രട്ടറി, എസ് ശ്രീകുമാറാണ് പാർട്ടി സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ക്ക് പരാതി നൽകിയത്. സൊസൈറ്റി രൂപീകരിച്ചിട്ട് എട്ടു വർഷമായിട്ടും കണക്കവതരിപ്പിച്ചിട്ടില്ലെന്നും നിയമപരമായി ചേരേണ്ട പൊതുയോഗം അടക്കമുള്ളവ ചേർന്നിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
പരാതി ജില്ലാ സെക്രട്ടേറിയറ്റ് ചർച്ച ചെയ്യുകയും ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ പ്രസാദിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തുകയും ചെയ്തു. പാർട്ടി അന്വേഷിക്കുന്നതിനിടെയാണ് ഈ കണക്ക് അവതരിപ്പിച്ചതെന്നതും ശ്രദ്ധേയമാണ്. പൊതുയോഗം വിളിച്ച് ചേർത്തായിരുന്നു നടപടി. എട്ടു വർഷത്തിനിടെ ആദ്യമായാണ് അമ്പലപ്പുഴ എംഎൽഎ എച്ച് സലാം കണക്ക് അവതരിപ്പിക്കുന്നത്. ചേതന പാലിയേറ്റീവ് സൊസൈറ്റിയുടെ സെക്രട്ടറിയാണ് എച്ച് സലാം എംഎല്‍എ.