ഏത് നിമിഷവും തകര്‍ന്നു വീഴാന്‍ സാധ്യതയുള്ള വീട്ടില്‍ ദുരിത ജീവിതം നയിക്കുകയാണ് കാസര്‍ഗോഡ് ചെറുവത്തൂര്‍ കണ്ണങ്കൈയിലെ വയോധികയായ വി.വി നാരായണിയും സഹോദരി ജാനുവും. പല തവണ ലൈഫ് ഭവന പദ്ധതിയുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും വീട് ലഭിച്ചില്ലെന്നാണ് ഇവരുടെ പരാതി. ഇനിയെങ്കിലും അടച്ചുറപ്പുള്ള ഒരു വീട് കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇവര്‍ ജീവിക്കുന്നത്.
അടച്ചുറപ്പുള്ള വീടിനായി നാരായണിയും സഹോദരി ജാനുവും കാത്തിരിപ്പ് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. നിലവിലെ കൂര എപ്പോള്‍ വേണമെങ്കിലും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. വീടിന്റെ ഒരു മുറി, ബന്ധുക്കള്‍ കെട്ടിയുറപ്പിച്ച് കോണ്‍ക്രീറ്റ് ചെയ്തു. അപകടം ഒഴിവാക്കാന്‍ ബാക്കി ഭാഗത്തെ മേല്‍ക്കൂര മാറ്റി പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് പൊതിഞ്ഞു. എന്നാല്‍ അത് താല്‍ക്കാലിക പരിഹാരം മാത്രമാണ്.
ലൈഫ് പദ്ധതിയില്‍ എല്ലാ വര്‍ഷവും നാരായണിയും ജാനുവും പതിവ് തെറ്റിക്കാതെ അപേക്ഷ നല്‍കും. പേര് പട്ടികയില്‍ ഉള്‍പ്പെടും. പിന്നീട് പല കാരണങ്ങളാല്‍ താഴയപ്പെടും. നിലവിലെ ലൈഫ് ഗുണഭോക്താക്കളുടെ ലിസ്റ്റില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമാണ് മുന്‍ഗണന. ഈ സാങ്കേതികത്വമാണ് ഇവരുടെ പ്രതീക്ഷകള്‍ക്ക് വീണ്ടും മങ്ങലേല്‍പ്പിച്ചത്.