അപകടകാരിയായ കോവിഡ് വകഭേദം ബ്രിട്ടനിൽ എത്തിക്കഴിഞ്ഞു; ലണ്ടൻ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ഒരാളെ പ്രവേശിപ്പിച്ചു; കോവിഡിന്റെ ഭീകരാക്രമണം വീണ്ടും ഉണ്ടാകുമെന്ന് ആശങ്കപ്പെട്ട് ലോകം

0


ലണ്ടൻ: പ്ലേഗിനെ തുരത്തിയ സന്തോഷത്തിൽ ആർപ്പു വിളിക്കുന്ന നഗരവാസികളെ നോക്കി, അതിനായി മുൻകൈ എടുത്ത ഡോക്ടർ ബെർണാർഡ് നടത്തുന്ന ഒരു ആത്മഗതത്തോടെയാണ് ഫ്രഞ്ച് നോവലിസ്റ്റ് ആൽബർട്ട് കാമുവിന്റെ പ്ലേഗ് എന്ന നോവൽ അവസാനിക്കുന്നത്.

”ആഹ്ലാദം ഒരിക്കലും ശാശ്വതമല്ല, ആഹ്ലാദിക്കുന്ന ജനക്കൂട്ടത്തിനറിയില്ല, ഈ അണുക്കൾക്ക് മരണമില്ലെന്നത്. വർഷങ്ങളോളം അവ സുഷുപ്തിയിലാഴും, നിങ്ങളുടെ ലൈബ്രറിയിലും, കിടപ്പുമുറിയിലും അലമാരയിലുമൊക്കെ അവർ നീണ്ട നിദ്രയിലാഴും. പിന്നെ അനുകൂല സാഹചര്യമെത്തുമ്പോൾ വർദ്ധിച്ച ശക്തിയോടെ ഉയർത്തെഴുന്നേൽക്കും…”

1947 ൽ പുറത്തിറങ്ങിയ നോവലിലെ വരികൾക്ക് അറംപറ്റിയെന്നോണം കോവിഡ് വർദ്ധിച്ച ശക്തിയോടെ തിരിച്ചു വരികയാണെന്ന ആശങ്ക കനക്കുകയാണ്. ഒട്ടനവധി ഉൽപരിവർത്തനങ്ങൾ (മ്യുട്ടേഷൻ)ക്ക് വിധേയമായ കോവിഡിന്റെ പുതിയ വകഭേദം യു കെയിലും സ്ഥിരീകരിച്ചതോടെ മറ്റൊരു കോവിഡ് തരംഗത്തെ സാധ്യതയെ കുറിച്ചോർത്ത് ആശങ്കപ്പെടുകയാണ് ആരോഗ്യ രംഗം. പിറോള എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന ഓമിക്രോണിന്റെ ബി എ എക്സ്/ ബി എ 2.86 എന്ന വകഭേദത്തിന്റെ സാന്നിധ്യമാണ് ലണ്ടനിലെ ഒരു ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന രോഗിയിൽ കണ്ടെത്തിയത്.

ഇനിയും പേരുവിവരങ്ങൾ വെളിപ്പെടുത്താത്ത ഈ രോഗിക്ക് യു കെയുടെ അകത്തുനിന്നും തന്നെയാണ് ഈ രോഗം ബാധിച്ചതെന്ന സംശയം കനപ്പെട്ടതോടെ മുന്നറിയിപ്പുകൾക്ക് ശക്തി പ്രാപിക്കുകയാണ്. എത്രപേരിൽ ഈ വകഭേദത്തെ കണ്ടെത്തി എന്നതിന്റെ യഥാർത്ഥ കണക്ക് പക്ഷെ യു കെ ഹെൽത്ത് ആൻഡ് സെക്യുരിറ്റി ഏജൻസി (യു കെ എച്ച് എസ് എ) വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ഒരാളിൽ കണ്ടെത്തിയ സ്ഥിതിക്ക്, ഇത് സാമാന്യം വിപുലമായി തന്നെ വ്യാപിച്ചിട്ടുണ്ടാകാം എന്ന് അനുമാനിക്കാം എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

യു കെയിൽ കോവിഡ് കേസുകളുടെ എണ്ണം വർദ്ധിച്ചു വരുന്ന സമയത്താണ് പിരോളയുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കുന്നത്.ഇത് മറ്റൊരു തരംഗത്തിന് കാരണമായേക്കാം എന്ന ഭയവും അതോടെ ശക്തിപ്പെട്ടു. ഇതുവരെ അമേരിക്ക, ഡെന്മാർക്ക്, ഇസ്രയേൽ എന്നീ രാജ്യങ്ങളിലായി ആറുപേരിൽ മാത്രമാണ് ഇതിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നത്. ബ്രിട്ടൻ ശൈത്യകാലത്തിലേക്ക് അടുക്കുമ്പോഴേക്കും ഇതിന്റെ വ്യാപനം കൂടുതൽ ശക്തമാകും എന്നാണ് ആരോഗ്യ രംഗത്തെ പ്രമുഖർ ഭയക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here