മുന്‍ മന്ത്രിയും സി.പി.ഐ. എം നേതാവുമായ എ.സി മൊയ്തീന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. 30 ലക്ഷം രൂപയുടെ എഫ്. ഡി അക്കൗണ്ടാണ് ഇ.ഡി മരവിപ്പിച്ചത്. എസി മൊയ്തീനുമായി അടുപ്പം ഉണ്ടെന്ന് ഇ.ഡി സംശയിക്കുന്ന മൂന്ന് പേരുടെയും അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. ഒരാൾക്ക് വിവിധ സഹകരണ ബാങ്കുകളിൽ അമ്പതോളം അക്കൗണ്ട് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.
കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുകേസില്‍ എ.സി. മൊയ്തീനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യും. ചോദ്യംചെയ്യലിനായി ഉടന്‍ നോട്ടീസ് അയക്കും. ബിനാമികളെന്ന് സംശയിക്കുന്നവരുമായി മൊയ്തീന് നിരന്തരബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. ക്രമക്കേടുകള്‍ നടത്താനായി കരുവന്നൂര്‍ സഹകരണബാങ്കില്‍ രണ്ടു രജിസ്റ്ററുകള്‍ ഉണ്ടായിരുന്നതായും റെയ്ഡില്‍ ഇ.ഡി. കണ്ടെത്തി.
അതേസമയം മുൻ മന്ത്രി എ.സി മൊയ്തീൻ എംഎൽഎയുടെ വസതിയില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച എന്‍ഫോഴ്സ്മെന്റ് റെയ്ഡ് അവസാനിച്ചു. ഏകദേശം 22 മണിക്കൂര്‍ നീണ്ടുനിന്ന പരിശോധന പുലര്‍ച്ചെ 5.10ഓടെയാണ് അവസാനിച്ചത്. വടക്കാഞ്ചേരി തെക്കുംകരയിലെ വീട്ടില്‍ നിന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ മടങ്ങി.