കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. ജൂണ്‍ 7 ന് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ ആരംഭിച്ച ആക്രമണ പരമ്പരകള്‍ക്കിടെയാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്തെ രാഷ്ട്രീയത്തിന്റെ ഗതി തീരുമാനിക്കുന്ന നിര്‍ണ്ണായക തിരഞ്ഞെടുപ്പ് കൂടിയാണിത്. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് 5 മണിക്ക് അവസാനിക്കും. ജൂലൈ 11 നാണ് വോട്ടെണ്ണല്‍.
64,000 പേരാണ് മത്സര രംഗത്തുള്ളത്. പരസ്യപ്രചാരണം വ്യാഴാഴ്ച്ച അവസാനിച്ചു. ഏകദേശം 5.67 കോടി വോട്ടര്‍മാര്‍ക്ക് സമ്മതിദാന അവകാശം ഉപയോഗിക്കാനാവും.
ആക്രമണത്തില്‍ ഇതിനകം സംസ്ഥാനത്ത് 18 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിനായി 485 കമ്പനി കേന്ദ്ര സേനയെ വിന്യസിച്ചു. 70,000 പൊലീസുകാർക്ക് പുറമേയാണിത്.
2013ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനായിരുന്നു മുന്‍തൂക്കം. 2018 ല്‍ 90 ശതമാനം പഞ്ചായത്ത് സീറ്റിലും 20 ജില്ലാ പഞ്ചായത്ത് സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ട കണക്ക് പ്രകാരം, 3,317 പഞ്ചായത്തുകളിലായി 63,229 സീറ്റിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍തൂക്കം നിലനിര്‍ത്തുമെന്നാണ് സര്‍വ്വേകളും പ്രവചിക്കുന്നത്. 20ല്‍ 15 ജില്ലാ പഞ്ചായത്തുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നാണ് എബിപി ആനന്ദ-സീ വോട്ടര്‍ സര്‍വേ ഫലം പറയുന്നത്.
928 ജില്ലാ പരിഷത്ത് സീറ്റുകളില്‍ 526 മുതല്‍ 684 സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നാണ് സര്‍വേ ഫലം പറയുന്നത്. ബിജെപിക്ക് 175 മുതല്‍ 275 സീറ്റ് വരെ ലഭിക്കാം. ഇടത്- കോണ്‍ഗ്രസ് സഖ്യത്തിന് 57 മുതല്‍ 120 സീറ്റ് വരെ ലഭിക്കാം.
കൂച്ച് ബിഹാര്‍, അലിപൂര്‍ദ്വാര്‍, ജയ്പാല്‍ഗുരി, മുര്‍ഷിദാബാദ്, പശ്ചിമ മിഡ്നാപ്പൂര്‍ എന്നിവിടങ്ങളില്‍ കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളാണ്. മുര്‍ഷിദാബാദ് ജില്ലയില്‍ തൃണമൂല്‍-ഇടത് കോണ്‍ഗ്രസ് സഖ്യവുമായാണ് മത്സരം നടക്കുന്നത്.
മറ്റ് നാല് ജില്ലകളിലും തൃണമൂല്‍-ബിജെപി മത്സരമാണ് നടക്കുക. സംസ്ഥാനത്തെ സ്വാധീനം ഉറപ്പിക്കാന്‍ തൃണമൂലും കടന്നുകയറാന്‍ ബിജെപിയും മുന്നേറ്റം നടത്താന്‍ ഇടത്-കോണ്‍ഗ്രസ് സഖ്യവും ശ്രമിക്കുന്ന ഈ തിരഞ്ഞെടുപ്പിന് ബംഗാള്‍ രാഷ്ട്രീയത്തില്‍ ഏറെ പ്രാധാന്യമുണ്ട്.