തിരുവനന്തപുരം: വർക്കല അയിരൂരിൽ വീട്ടമ്മയെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ ആയിരുന്ന മൂന്നാംപ്രതിയും കൊല്ലപ്പെട്ട ലീനാമണിയുടെ ഭർതൃസഹോദരനുമായ മുഹ്സിൻ കീഴടങ്ങി. ശനിയാഴ്ച രാത്രിയോടെ അയിരൂര്‍ പൊലീസ് സ്റ്റേഷനിലാണ് പ്രതി കീഴടങ്ങിയത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് അയിരൂർ കളത്തറ സ്കൂളിനു സമീപം എം എസ് വില്ലയിൽ ലീനാമണി(53) വീടിനുള്ളിൽ ക്രൂരമർദനമേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ലീനാമണിയുടെ ഭർത്താവിന്റെ സഹോദരങ്ങളായ ഷാജി, അഹദ്, മുഹ്‌സിൻ, അഹദിന്റെ ഭാര്യ റഹീന എന്നിവരെ പ്രതികളാക്കി അയിരൂർ പോലീസ് കേസെടുത്തിരുന്നു. ലീനാമണിയുടെ ഭർത്താവ് സിയാദ് ഒന്നര വർഷം മുമ്പ് മരണപ്പെട്ടിരുന്നു. ഒന്നും രണ്ടും പ്രതികളായ അയിരൂർ കളത്തറ ഷഹാന മൻസിലിൽ ഷാജി(46), അയിരൂർ എസ് എൻ വില്ലയിൽ അബ്ദുൽ അഹദ്(41) എന്നിവർ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.