തിരുവോണം ബമ്പറിൽ ഇക്കുറി കോടീശ്വരന്മാർ കൂടും; ഒരു കോടി വീതം 20 പേർക്ക് രണ്ടാം സമ്മാനം; ബബർ സമ്മാനം 25 കോടിയായി നിലനിർത്തും

0

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ തിരുവോണം ബമ്പർ ലോട്ടറിയിൽ ഇക്കുറി കോടീശ്വരന്മാർ കൂടും. ഒന്നാം സമ്മാനത്തിന് പുറമേ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്ക് നൽകാനാണ് തീരുമാനം. അതേസമയം ഒന്നാം സമ്മാനം നേരത്തേതു പോലെ 25 കോടിയായി തന്നെ നിലനിർത്തിയിട്ടുണ്ട്. തുക ഉയർത്തണമെന്ന ആവശ്യം സർക്കാർ പരിഗണിച്ചില്ല.

കഴിഞ്ഞവർഷം രണ്ടാംസമ്മാനമായി അഞ്ചുകോടി രൂപയുടെ ഒറ്റസമ്മാനമേ ഉണ്ടായിരുന്നുള്ളൂ. ഇതാണ് ഒരു കോടി രൂപ വീതമാക്കി 20 പേർക്ക് നൽകുന്നത്. തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ പ്രകാശനച്ചടങ്ങിൽ ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. 50 ലക്ഷം വീതം 20 പേർക്ക് മൂന്നാം സമ്മാനം കിട്ടും. അഞ്ച് ലക്ഷം വീതം പത്തുപേർക്കാണ് നാലാം സമ്മാനം. രണ്ടുലക്ഷം വീതം 10 പേർക്ക് അഞ്ചാം സമ്മാനം ലഭിക്കും. ടിക്കറ്റ് നിരക്ക് 500 രൂപ തന്നെയാണ്. ടിക്കറ്റിന്റെ പ്രിന്റിങ് കളർ ഒഴിവാക്കി ഫ്‌ളൂറസന്റ് പ്രിന്റിങ്ങാക്കും. ഈ മാസം 26 മുതൽ ടിക്കറ്റ് വിൽപ്പന ആരംഭിക്കും.

500 രൂപയുടെ ടിക്കറ്റ് വിറ്റാൽ തൊഴിലാളിക്ക് 100 രൂപ വീതം കിട്ടും. സെപ്റ്റംബർ 20നാണ് ഭാഗ്യക്കുറി നറുക്കെടുപ്പ് നടക്കുക. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിലാണ് ധനമന്ത്രി ഓണം ബമ്പർ പ്രകാശനം ചെയ്തത്. സിനിമാ താരം പി പി കുഞ്ഞികൃഷ്ണൻ മുഖ്യാതിഥിയായിരുന്നു.

കഴിഞ്ഞ വർഷം 3,97,911 പേർക്കാണ് ഭാഗ്യം കടാക്ഷിച്ചത്. ഇത്തവണ തിരുവോണം ബമ്പറിലൂടെ 5,34,670 പേർക്ക് ആകും ഇത്തവണ സമ്മാനം ലഭിക്കുക. കഴിഞ്ഞ വർഷം അച്ചടിച്ചതിൽ 66.5 ലക്ഷം ടിക്കറ്റുകളും വിറ്റ് പോയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here