വിവാഹച്ചടങ്ങിൽ പാട്ടിന് പകർപ്പവകാശ തടസ്സമില്ല

0

ന്യൂഡൽഹി ∙ വിവാഹ ആഘോഷങ്ങൾക്കിടെ ചലച്ചിത്രഗാനങ്ങളടക്കം അവതരിപ്പിക്കുന്നതിനും റെക്കോർഡിങ് കേൾപ്പിക്കുന്നതിനും നിയമതടസ്സമില്ലെന്നു വ്യക്തമാക്കി കേന്ദ്ര സർക്കാർ സർക്കുലർ ഇറക്കി. ഇതിന്റെപേരിൽ ആർക്കും റോയൽറ്റി ആവശ്യപ്പെടാൻ കഴിയില്ല. വർഷങ്ങളായി തർക്കവും നിയമപോരാട്ടവും നടക്കുന്ന വിഷയത്തിലാണു കേന്ദ്ര വാണിജ്യ മന്ത്രാലയം വ്യക്തത വരുത്തിയത്.
പകർപ്പവകാശമുള്ള ഗാനങ്ങൾ പൊതുവേദികളിൽ അവതരിപ്പിക്കുന്നതിന് ഇന്ത്യൻ പകർപ്പവകാശനിയമ പ്രകാരം നിയന്ത്രണമുണ്ട്. അതേസമയം, മതപരമായ ചടങ്ങുകളിലും സർക്കാർ പരിപാടികളിലും മുൻകൂർ അനുമതിയോ റോയൽറ്റിയോ വേണ്ടെന്ന് നിയമത്തിൽ തന്നെ സെക്‌ഷൻ 52 (1) –സെഡ് എയിൽ വ്യക്തമാക്കുന്നു. മതപരമായ ചടങ്ങുകളിൽ വിവാഹവും ബന്ധപ്പെട്ട ചടങ്ങുകളും ഉൾപ്പെടുമെന്നതിനാൽ പകർപ്പവകാശം ബാധകമല്ലെന്നു കേന്ദ്രം വ്യക്തമാക്കി.

കോടതിക്ക് ലഭിച്ചത് അനുകൂല റിപ്പോർട്ട്

പാട്ടുകൾ അനുവാദമില്ലാതെ ഉപയോഗിക്കുന്നതിനെതിരെ കോപ്പിറൈറ്റ് സൊസൈറ്റിയായ ഫോണോഗ്രാഫിക് പെർഫോമൻസ് ലിമിറ്റഡ് (പിപിഎൽ) ആണു ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ ബെംഗളൂരു നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിലെ അസോഷ്യേറ്റ് പ്രഫസറും ചങ്ങനാശേരി സ്വദേശിയുമായ ഡോ. അരുൾ ജോർജ് സ്കറിയയെയാണു ഹൈക്കോടതി ചുമതലപ്പെടുത്തിയത്. വിവാഹച്ചടങ്ങുകളിലെ പാട്ടുകൾ പകർപ്പവകാശലംഘനമല്ലെന്നായിരുന്നു അരുളിന്റെ റിപ്പോർട്ട്.

വിവാഹ വിഡിയോയിൽ പ്രശ്നമാകാം

‘വിവാഹച്ചടങ്ങിൽ പാട്ടു കേൾപ്പിക്കുന്നതിനും അവതരിപ്പിക്കുന്നതിനും പകർപ്പവകാശം ബാധകമല്ലെങ്കിലും വിവാഹ വിഡിയോകളിൽ ഇവ ഉപയോഗിക്കുന്നതിനു നിയമം ബാധകമാകാം.’ – ഡോ. അരുൾ ജോർജ് സ്കറിയ

LEAVE A REPLY

Please enter your comment!
Please enter your name here