ഏഴരക്കോടി തട്ടിയ യുവതിക്കായി തെരച്ചില്‍ ഊര്‍ജിതം

0


കണ്ണൂര്‍: കണ്ണൂരിലെ ജൂവലറിയില്‍നിന്ന്‌ ഏഴരക്കോടി രൂപ തട്ടിയ കേസില്‍ ചീഫ്‌ അക്കൗണ്ടന്റിനായി തെരച്ചില്‍ ഊര്‍ജിതം. ചിറക്കല്‍ മന്ന സ്വദേശി സിന്ധുവിനായി പോലീസ്‌ ലുക്കൗട്ട്‌ നോട്ടീസിറക്കിയിരുന്നു. നികുതിയിനത്തില്‍ അടക്കേണ്ട തുകയുടെ കണക്കില്‍ തിരിമറി നടത്തി കോടികള്‍ വെട്ടിച്ചെന്നാണ്‌ പരാതി. കണ്ണൂരിലെ കൃഷ്‌ണ ജൂവല്‍സ്‌ മാനേജിങ്‌ പാര്‍ട്ടണര്‍ നല്‍കിയ പരാതിയില്‍ ടൗണ്‍ പോലീസാണ്‌ കേസെടുത്തത്‌. 2004 മുതല്‍ ജൂവലറിയില്‍ ജീവനക്കാരിയാണ്‌ കെ സിന്ധു. ചീഫ്‌ അക്കൗണ്ടന്റായ ഇവര്‍ 2009 മുതല്‍ പല തവണയായി ജൂവലറി അക്കൗണ്ടില്‍നിന്ന്‌ ഏഴ്‌ കോടി അന്‍പത്തിയഞ്ച്‌ ലക്ഷത്തി മുപ്പതിനായിരത്തി അറുനൂറ്റി നാല്‍പ്പത്തിനാല്‌ രൂപ തട്ടിയെടുത്തെന്നാണ്‌ പരാതി. വിവിധ നികുതികളിലായി സ്‌ഥാപനം അടക്കേണ്ട തുകയുടെ കണക്കിലാണ്‌ തിരിമറി നടത്തിയത്‌. കൃത്രിമ രേഖയുണ്ടാക്കി തുക ഇരട്ടിപ്പിച്ച്‌ കാണിച്ചു. ബാങ്കില്‍നിന്ന്‌ നികുതിയിനത്തില്‍ അടക്കേണ്ട തുക കഴിച്ചുള്ളത്‌ സ്വന്തം അക്കൗണ്ടിലേക്കും ബന്ധുക്കളുടെ അക്കൗണ്ടിലേക്കും മാറ്റിയെന്നാണ്‌ കേസ്‌. ജൂവലറി നടത്തിയ ഓഡിറ്റിങ്ങിലാണ്‌ തട്ടിപ്പ്‌ കണ്ടെത്തിയത്‌. സിന്ധു മാത്രമാണ്‌ നിലവില്‍ പ്രതി. ഇവരുടെ വീട്‌ അടച്ചിട്ട നിലയിലാണ്‌. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച്‌ തെരച്ചില്‍ നടക്കുന്നു. അഞ്ച്‌ കോടിക്ക്‌ മുകളിലുള്ള തട്ടിപ്പ്‌ കേസ്‌ ആയതിനാല്‍ അന്വേഷണം ൈക്രംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്‌ കൈമാറിയേക്കും. ആസൂത്രിത കുറ്റകൃത്യമാണെന്നും കൂടുതല്‍ പേര്‍ക്ക്‌ പങ്കുണ്ടോ എന്നതില്‍ അന്വേഷണം വേണമെന്നും ആവശ്യമുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here