സോഫ്റ്റ് വെയർ റൈറ്റ് തട്ടിപ്പിലൂടെ ലക്ഷങ്ങൾ കവർന്ന കേസിൽ പ്രധാന പ്രതി അറസ്റ്റിൽ. കണ്ണൂർ കയാനി ഷുറൂക്ക് മഹലിൽ ഉബൈസ് (32)നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വര സ്വദേശിയ്ക്കാണ് ലക്ഷങ്ങൾ നഷ്ടമായത്. ഹെൽത്ത് കെയർ ഇൻഡസ്ട്രി ബിസിനസ് നടത്തുന്ന ആളാണെന്നാണ് ഇയാൾ പരിചയപ്പെടുത്തിയിരുന്നത്. ഇയാളുടെ സുഹൃത്തുക്കൾക്ക് ഏ.ആർ ആമ്പുലൻസ് സോഫ്റ്റ് വെയറിന്റെ പേറ്റന്റ് റൈറ്റ് ഉണ്ടെന്ന് വിശ്വസിപ്പിച്ചു. ഇതിന്റെ സ്വത്തവകാശം ലണ്ടനിലുള്ള കമ്പനിക്ക് വിൽക്കാമെന്ന് പറഞ്ഞു. ഇതിന്റെ പേറ്റന്റ് അവകാശമുള്ളവരിൽ നിന്ന് റൈറ്റ് എഴുതി വാങ്ങാൻ മൂന്ന് കോടി രൂപ ആവശ്യമുണ്ടെന്നും. ഇതിൽ രണ്ട് കോടി അറുപത്തിമൂന്ന് ലക്ഷം രൂപ സ്വരൂപിച്ചിട്ടുണ്ടെന്നും, ബാക്കി വരുന്ന 37 ലക്ഷം രൂപ മുടക്കിയാൽ കോടികൾ ലാഭമുണ്ടാക്കാമെന്നും തട്ടിപ്പുസംഘം ചൊവ്വര സ്വദേശിയെ വിശ്വസിപ്പിച്ചു. തുടർന്ന് 25 ലക്ഷം രൂപ നൽകിയെങ്കിലും സോഫ്റ്റ് വെയർ അടങ്ങിയ ഹാർഡ് ഡിസ്ക്ക് നൽകാതെ പറ്റിക്കുകയായിരുന്നു. സംഘത്തിലുള്ളവർ പേരു കേട്ട കമ്പനിയുടെ പ്രതിനിധികളാണെന്ന് പറഞ്ഞ് ആൾമാറാട്ടം നടത്തിയാണ് തട്ടിപ്പു നടത്തിയത്. ഇൻസ്പെക്ടർ എൻ.എ അനൂപ്, എസ്.സി.പി. ഒ കെ.എസ് സുമേഷ്, സി.പി. ഒമാരായ ഷിജോ പോൾ , രജിത്ത് രാജൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.