ബെംഗളൂരു: പ്രണയത്തിൽ നിന്ന് പിന്തിരിയാൻ പെൺകുട്ടിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയി തീയിട്ട യുവാവ് ചികിത്സയിലിരിക്കെ മരണമടഞ്ഞു. ബെംഗളൂരു ആർആർ നഗർ നിവാസിയും കോളജ് വിദ്യാർത്ഥിയുമായ ശശാങ്ക് ആണ് മരിച്ചത്. അകന്ന ബന്ധത്തിൽപ്പെട്ട മൈസൂരു സ്വദേശിനിയുമായി യുവാവ് പ്രണയത്തിലായിരുന്നു. ഇരുവരുടെയും വീട്ടുകാർ ബന്ധത്തെ എതിർത്തിരുന്നു. എന്നാൽ ഈ മാസമാദ്യം ബെംഗളൂരുവിൽ എത്തിയ പെൺകുട്ടിയെ ശശാങ്ക് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. വിവരമറിഞ്ഞെത്തിയ പെൺകുട്ടിയുടെ ബന്ധുക്കൾ വീട്ടിൽ ബലമായി കയറി ശശാങ്കിനെ മർദിക്കുകയും പെൺകുട്ടിയെ ബലമായി കൂട്ടിക്കൊണ്ടു പോവുകയും ചെയ്‌തതായി പോലീസ് പറഞ്ഞു. ഇതിനു ശേഷം പെൺകുട്ടിയുമായി ബന്ധം ഉപേക്ഷിച്ച ശശാങ്ക് വീണ്ടും കോളജിൽ പോയിരുന്നു. ഒരു ദിവസം ബസ് കാത്തു നിൽക്കവേ ചിലരെത്തി തട്ടിക്കൊണ്ടു പോയി കൈകാലുകൾ ബന്ധിച്ച ശേഷം തീ കൊളുത്തിയെന്നാണ് കേസ്. 80% പൊള്ളലേറ്റ ശശാങ്ക് മൂന്നാം ദിവസം മരണമടഞ്ഞു. കൊലപാതകത്തിന് കേസെടുത്ത പോലീസ് പ്രതികൾക്കായി തിരച്ചിൽ തുടങ്ങി.