കോട്ടയം: ജനഹൃദയങ്ങളിൽ ഇടംപിടിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രയും എല്ലാം കൊണ്ടും ചരിത്രമാകും. തലസ്ഥാനം അദ്ദേഹത്തിന് വികാരനിർഭരമായ വിട നൽകുകയാണ്. നാളെ രാവിലെ വിലാപയാത്രയായി കോട്ടയത്തേക്ക് മൃതദേഹം എത്തിക്കും. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്.
അതേസമയം പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞിനായി പ്രത്യേകം കല്ലറയും ഒരുങ്ങുകയാണ്. ‘കരോട്ട് വള്ളകാലിൽ’ കുടുംബ കല്ലറ നിലനിൽക്കേയാണ് ഉമ്മൻ ചാണ്ടിക്കായി പ്രത്യേക കല്ലറ ഒരുങ്ങുന്നത്. പുതുപ്പള്ളി എന്ന നാടിനും പള്ളിക്കും നൽകിയ സേവനത്തിന് ആദര സൂചകമായിട്ടാണ് വൈദികരുടെ കബറിടത്തോട് ചേർന്ന് പ്രത്യേക കല്ലറ പണിയാൻ പള്ളി മാനേജിങ് കമ്മിറ്റി തീരുമാനിച്ചത്. കല്ലറയുടെ പണികൾ സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളിയുടെ സെമിത്തേരിയിൽ തുടങ്ങിയിട്ടുണ്ട്.മറ്റന്നാൾ ഉച്ചയ്ക്ക് രണ്ടരയ്ക്ക് സംസ്‌കാരം.
ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രയുമായി ബന്ധപ്പെട്ട് കോട്ടയത്ത് നാളെ സ്‌കൂളുകൾക്ക് ജില്ലാ കളക്ടർ നിയന്ത്രിത അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിൽ ബുധനാഴ്ച (2023 ജൂലൈ19) പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ലയിലെ സ്‌കൂളുകൾക്ക് ബുധനാഴ്ച ഉച്ചകഴിഞ്ഞ് അവധിയായിരിക്കുമെന്നാണ് കളക്ടർ അറിയിച്ചത്.
മുൻ മുഖ്യമന്ത്രിയും നിയമസഭാംഗവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര, പൊതുദർശനം എന്നിവയുമായി ബന്ധപ്പെട്ടാണ് പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതെന്നും കളക്ടർ വിവരിച്ചു. എം സി റോഡിൽ മിക്ക ജംഗ്ഷനിലും ഉമ്മൻ ചാണ്ടിക്ക് അന്തിമോപചാരം അർപ്പിക്കാൻ അവസരം ഒരുക്കുന്നുണ്ട്.
ഭൗതിക ശരീരം നാളെ രാവിലെ ഏഴ് മണിയോടെ വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും. നാളെ വൈകിട്ട് അഞ്ച് മണിക്ക് കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വെക്കും. രാത്രിയിൽ പുതുപ്പള്ളി ഹൗസിലേക്ക് കൊണ്ടുപോകും. ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം തിരുവനന്തപുരം മുതൽ കോട്ടയം വരെ എം സി റോഡിൽ ലോറികൾ അടക്കം വലിയ വാഹനങ്ങൾക്ക് നാളെ രാവിലെ മുതൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. വലിയ വാഹനങ്ങൾ ദേശീയപാതയിലേക്ക് വഴി തിരിച്ചുവിടും. പുലർച്ചെ നാലര മണി മുതലാണ് നിയന്ത്രണം ഏർപ്പെടുത്തുക. വിലാപ യാത്ര പരിഗണിച്ചാണ് ക്രമീകരണം.
ഒരായുസ്സ് മുഴുവൻ ജനങ്ങൾക്കിടയിൽ ചിലവഴിച്ച ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലി അർപ്പിക്കാൻ ജനസാഗരമാണ് തലസ്ഥാനത്തെ വസതിയിലേക്ക് ഒഴുകിയെത്തുന്നത്. ദർബാർ ഹാളിലും വൻ ജനസഞ്ചയം തന്നെയാണ് ഉണ്ടായിരിക്കുന്നത്. ബംഗളൂരുവിൽ നൂറുകണക്കിന് മലയാളികൾ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയതിനാൽ നിശ്ചയിച്ചതിലും രണ്ട് മണിക്കൂറിലേറെ വൈകിയാണ് പ്രത്യേക വിമാനത്തിൽ ഉമ്മൻ ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്.
വിമാനത്താവളത്തിൽ നിന്ന് തലസ്ഥനത്തെ അദ്ദേഹത്തിന്റെ വസതിയായ പുതുപ്പള്ളി ഹൗസിലേക്കുള്ള വിലാപയാത്രയെ ആയിരങ്ങൾ അനുഗമിച്ചു. അര നൂറ്റാണ്ടിലേറെ ഉമ്മൻ ചാണ്ടിയുടെ തട്ടകമായിരുന്ന തലസ്ഥാന നഗരിയിൽ മൂന്നിടത്തുകൂടി ഇന്ന് പൊതുദർശനം നിശ്ചയിച്ചിരുന്നത്. കെപിസിസി ഓഫീസിൽ നിന്നും പൊതുദർശനത്തിന് ശേഷം വീണ്ടും ജഗതിയിലെ പുതുപ്പള്ളി ഹൗസിലേക്ക് കൊണ്ടുപോകും. രോഗബാധിതനായി ദീർഘകാലമായി ചികിത്സയിലായിരുന്ന ഉമ്മൻ ചാണ്ടിയുടെ വിയോഗം ഇന്ന് പുലർച്ചെ 4.25 ന് ബംഗളൂരുവിലെ ചിന്മയ ആശുപത്രിയിൽ വച്ചായിരുന്നു.