മദ്യപിക്കുന്നതിനിടെ ദമ്പതിമാർ തമ്മിൽ കലഹം; അടുത്തേക്ക് ചെന്ന ഒന്നരവയസ്സുകാരിയായ മകളെ അച്ഛൻ എടുത്ത് പുറത്തേക്കെറിഞ്ഞു

0

മദ്യപിക്കുന്നതിനിടെ ദമ്പതിമാർ തമ്മിലുണ്ടായ കലഹത്തിനിടെ അടുത്തേക്ക് ചെന്ന ഒന്നരവയസ്സുകാരിയായ മകളെ അച്ഛൻ എടുത്ത് പുറത്തേക്കെറിഞ്ഞു. തലയ്ക്ക് പരിക്കേറ്റ കുഞ്ഞിനെ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ചിന്നക്കട കുറവൻപാലത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളായ കുഞ്ഞിന്റെ അച്ഛൻ മുരുകൻ (35), അമ്മ മാരിയമ്മ (23) എന്നിവരെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.

കുഞ്ഞിനെ അച്ഛൻ എറിഞ്ഞപ്പോൾ കുട്ടിയുടെ തലയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. മുരുകനും ഭാര്യ മാരിയമ്മയും വീട്ടിനുള്ളിലിരുന്നു മദ്യപിച്ചു. മദ്യപാനത്തിനിടെ ഇരുവരും തമ്മിൽ വാക്തർക്കത്തിലേർപ്പെടുകയും കയ്യാങ്കളിയിലേക്ക് കടക്കുകയും ചെയ്തു. ഈ സമയം അടുത്തേക്കു വന്ന ഒന്നരവയസ്സുകാരിയായ മകളെ മുരുകൻ വീടിനു പുറത്തേക്ക് എടുത്ത് എറിയുകയായിരുന്നു.

അതേസമയം ഇവരുടെ ബഹളം കേട്ട് നാട്ടുകാരും ഇവിടെ എത്തിയിരുന്നു. ഈ നാട്ടുകാർക്ക് മുന്നിലേക്കാണ് പിതാവ് കുഞ്ഞിനെ എടുത്തെറിഞ്ഞത്. ഈ സമയം സ്ഥലത്തുണ്ടായിരുന്ന അയൽവാസികളാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ജില്ലാ ആശുപത്രിയിലെത്തിച്ച കുഞ്ഞിനെ തുടർന്ന് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലേക്ക് മാറ്റി. അയൽവാസികളുടെ മൊഴിയെടുത്തശേഷം ഇരുവരുടെയും പേരിൽ ഈസ്റ്റ് പൊലീസ് കേസെടുത്തു.

Leave a Reply