ഒരു രാത്രി മുഴുവൻ ഉറക്കമിളച്ച് കാത്തിരുന്നു വീട്ടുകാർ; ബൈക്ക് മറിഞ്ഞ് പത്ത് മണിക്കൂറിലധികം കൊക്കയിൽ കിടന്ന ഗൃഹനാഥന് ദാരുണ മരണം

0


ചിന്നക്കനാൽ: ബൈക്ക് കൈക്കയിലേക്ക് മറിഞ്ഞ് പത്ത് മണിക്കൂറിലധികം സമയം ആരും കാണാതെ കൊക്കയിൽ കിടന്ന ഗൃഹനാഥൻ മരിച്ചു. അപ്പർ സൂര്യനെല്ലി സ്വദേശിയും മേസ്തിരിപ്പണിക്കാരനുമായ ഭാഗ്യരാജ്(47) ആണു ദാരുണമായി മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴിനു വീട്ടിൽ നിന്നു ബൈക്കിൽ സൂര്യനെല്ലിക്കു പോയ ഭാഗ്യരാജ് നേരം വൈകിയിട്ടും തിരിച്ചെത്തിയില്ല. വീട്ടുകാർ ഫോണിലേക്ക് വിളിച്ചെങ്കിലും കിട്ടിയില്ല. ഇന്നലെ രാവിലെ ഏഴരയോടെയാണ് ഭാഗ്യരാജിന്റെ ബൈക്ക് ചിന്നക്കനാൽ മോണ്ട് ഫോർട്ട് സ്‌കൂളിനു സമീപം പൊതുമരാമത്ത് റോഡിന്റെ താഴെ കൊക്കയിൽ കിടക്കുന്നത് നാട്ടുകാർ കണ്ടത്. തുടർന്നു നടത്തിയ തിരച്ചിലിൽ ഭാഗ്യരാജിന്റെ മൃതദേഹവും കണ്ടെത്തി.

തുടർന്ന് വിവരം നാട്ടുകാർ പൊലീസിൽ അറിയിച്ചു. ശാന്തൻപാറ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് കൊക്കയിലേക്കു മറിഞ്ഞുണ്ടായ അപകടത്തിലാണ് ഭാഗ്യരാജ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. കാട്ടാനശല്യമുള്ളതിനാൽ അപകടമുണ്ടായ സ്ഥലത്ത് രാത്രിയിൽ വാഹനസഞ്ചാരം കുറവാണ്. അതിനാലാണ് അപകടവിവരം പുറത്തറിയാൻ വൈകിയത്.

ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി. സംസ്‌കാരം ഇന്ന് 11നു അപ്പർ സൂര്യനെല്ലിയിലെ പൊതുശ്മശാനത്തിൽ. ഭാര്യ: വേളാങ്കണ്ണി. മക്കൾ: അമൽരാജ്, അബിയുത്ത്.

Leave a Reply