സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി അവസാനിക്കും

0

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി അവസാനിക്കും. കടലിൽ പോകാനുള്ള ഒരുക്കങ്ങൾ മത്സ്യത്തൊഴിലാളികൾ ആരംഭിച്ചുകഴിഞ്ഞു. മഴ കുറഞ്ഞത് മത്സ്യ ലഭ്യത കുറയ്ക്കുമെന്ന ആശങ്കയ്ക്കിടെയാണ് കടലിലേക്ക് ഇറങ്ങുന്നത്.

ബോട്ടുകളുടെയും വലകളുടെയും അറ്റകുറ്റപ്പണികൾ തീർത്ത് അവസാനവട്ട ഒരുക്കത്തിലാണ് മത്സ്യത്തൊഴിലാളികൾ. ബോട്ടുകളിലേക്ക് ഐസുകൾ കയറ്റി തുടങ്ങി. രജിസ്ട്രേഷൻ, ലൈസൻസ് നടപടികളും പൂർത്തീകരിച്ചാണ് ബോട്ടുകൾ മത്സ്യബന്ധനത്തിന് ഇറങ്ങുന്നത്. ഇന്ന് അർധരാത്രി മീൻപിടിക്കാനിറങ്ങുന്ന ബോട്ടുകളിൽ ആദ്യ സംഘം നാളെ ഉച്ചയോടെ തിരിച്ചെത്തും.

ജൂൺ ഒമ്പതിന് അർധരാത്രി മുതലാണ് ട്രോളിങ് നിരോധനം നിലവിൽവന്നത്. നിരോധനം ലംഘിക്കുന്ന യാനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാർ നിർദേശം നൽകിയിരുന്നെങ്കിലും കാര്യമായ പ്രശ്നങ്ങൾ എവിടെയും റിപ്പോർട്ട് ചെയ്തില്ലെന്ന് ഫിഷറീസ് വകുപ്പ് അധികൃതർ പറഞ്ഞു.

ട്രോളിങ് കാലത്ത് സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ കിട്ടിയെങ്കിലും 4500 രൂപയുടെ സാമ്പാദ്യ ആശ്വാസ പദ്ധതി കിട്ടാത്തതിൽ മത്സ്യത്തൊഴിലാളികൾ പരാതി ഉയർത്തുന്നു. ബോട്ടുകൾ കടലിൽ ഇറങ്ങുന്നതോടെ മീൻ വിലയിലും കുറവുണ്ടാകും.

Leave a Reply