ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ്, മൂന്നാം ചാന്ദ്ര ദൗത്യത്തിനൊരുങ്ങി ഇന്ത്യ, വിജയിച്ചാൽ ചരിത്ര നേട്ടം

0

തിരുവനന്തപുരം: ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുകയെന്ന ലക്ഷ്യത്തോടെ ഐഎസ്ആ‍‌‌ർഒയുടെ മൂന്നാം ചാന്ദ്ര ദൗത്യം യാത്രയ്ക്കൊരുങ്ങുകയാണ്. ദൗത്യം വിജയിച്ചാൽ നേട്ടം കൈവരിക്കുന്ന നാലാം രാജ്യമായി മാറും ഇന്ത്യ. പക്ഷേ പറയുന്ന അത്ര എളുപ്പമല്ല ചന്ദ്രനിൽ സുരക്ഷിതമായി പേടകമിറക്കൽ എന്നാണ് ശാസ്ത്ര ലോകം പറയുന്നത്.

അന്തരീക്ഷവുമില്ല വായുവുമില്ല. പാറകളും ഗ‍ർത്തങ്ങളും നിറഞ്ഞ ഉപരിതലം. ഗുരുത്വാക‍ർഷണ ബലമാകട്ടെ ഭൂമിയിലേതിന്റെ ആറിൽ ഒന്ന് മാത്രം. ചന്ദ്രനിൽ ഒരു പേടകമിറക്കൽ ദുഷ്കരമാകുന്നത് ഇതൊക്കെ കൊണ്ട് തന്നെയാണ്. അന്തരീക്ഷവും വായുവും ഉണ്ടായിരുന്നെങ്കിൽ പാരച്യൂട്ടും ബലൂണും ഒക്കെ ഉപയോഗിച്ച് സുഖമായി ലാൻഡ് ചെയ്യാമായിരുന്നു. അതില്ലാത്ത സാഹചര്യത്തിൽ ഏക പോംവഴി ത്രസ്റ്ററുകൾ ഉപയോഗിച്ച് പേടകം ഇറങ്ങുന്ന വേഗത നിയന്ത്രിക്കൽ മാത്രമാണ്.

ഗുരുത്വാക‍ർഷണത്തിൽ മാറ്റമുള്ളത് കൊണ്ട് തന്നെ പേടകത്തിന്റെ ഭൂമിയിലെ ഭാരമായിരിക്കില്ല ചന്ദ്രനിൽ. 1752 കിലോഗ്രാം ഭാരമുള്ള ചന്ദ്രയാൻ മൂന്നിന്റെ ലാൻഡറിന് ചന്ദ്രനിലെത്തുമ്പോൾ 290 കിലോയ്ക്ക് അടുത്ത് മാത്രമേ ഭാരം കാണൂ. ഇതിന് അനുസരിച്ച് ഇറങ്ങുന്ന വേഗം നിയന്ത്രിക്കൽ തന്നെയാണ് പ്രധാന സാങ്കേതിക വെല്ലുവിളികളിൽ ഒന്ന്. ചന്ദ്രനിൽ എല്ലായിടത്തും ഗുരുത്വാക‍ർഷണ പ്രഭാവം ഒരുപോലെയല്ല എന്നതാണ് അടുത്ത പ്രശ്നം. ഇറങ്ങാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തലും വെല്ലുവിളിയാണ്. പാറയിലോ കുഴിയിലോ ചെന്നിറങ്ങിയാൽ പേടകം നശിക്കും. കാര്യമായ പ്രതിബന്ധങ്ങളൊന്നും ഇല്ലാത്ത സ്ഥലം നോക്കി വേണം ഇറങ്ങാൻ.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് അടുത്തൊരു അനുയോജ്യമായ സ്ഥലം ഐഎസ്ആ‌ർഒ കണ്ടുപിടിച്ചിട്ടുണ്ട്. അടുത്ത പ്രശ്നം ചന്ദ്രനിലെ പൊടിയാണ്. ലാൻഡിംഗ് സമയത്ത് ഉയരുന്ന പൊടി പേടകത്തിന് കേട് വരുത്താനുള്ള സാധ്യതയും മുൻകൂട്ടി കാണണം. ഈ വെല്ലുവിളികളെല്ലാം നേരിടാൻ സജ്ജമായാണ് ചന്ദ്രയാൻ മൂന്ന് ദൗത്യം തയ്യാറാക്കിയിരിക്കുന്നത്. ലാൻഡ‌ർ പൊസിഷൻ ഡിറ്റക്ഷൻ ക്യാമറ, ലാൻഡർ ഹസാർ‍ഡ് ഡിറ്റക്ഷൻ ക്യാമറ, ലാൻഡർ ഹൊറിസോണ്ടൽ വെലോസിറ്റി ക്യാമറ എന്നിങ്ങനെ മൂന്ന് ക്യാമറകളടക്കം 9 സെൻസറുകളാണ് ലാൻഡറിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here