തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്ക് ശമ്പള സർട്ടിഫിക്കറ്റ് നൽകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ.കയ്യിൽ കിട്ടുന്ന ശമ്പളത്തേക്കാൾ കൂടുതൽ തിരിച്ചടവ് ഉള്ളവർക്ക് സർട്ടിഫിക്കറ്റ് നൽകില്ലെന്നുമാണ് സർക്കാർ തീരുമാനം.സ്ഥിരമായി കടക്കാരാവുന്നവർക്കെതിരെ നടപടി എടുക്കണമെന്നും ധനവകുപ്പ് ഉത്തരവ് ഇറക്കി .
ജീവനക്കാർ അവർക്ക് വീട്ടാവുന്നതിനേക്കാൾ കൂടുതലായി കടക്കാർ ആയി മാറുന്ന സാഹചര്യമാണെങ്കിൽ ശമ്പള സർട്ടിഫിക്കറ്റ് നൽകേണ്ടതില്ലെന്നാണ് ശമ്പളവിതരണ ഓഫീസർമ്മാർക്ക് ധനവകുപ്പ് നിർദ്ദേശം നൽകിയിട്ടുള്ളത്.ജീവനക്കാരുടെ പ്രതിമാസ വായ്പ വ്യക്തിയുടെ കൈയ്യിൽ കിട്ടുന്ന ശമ്പളത്തേക്കാൾ കൂടുതലാണെങ്കിൽ തുടർന്നും വായ്പക്കോ ചിട്ടി പിടിക്കുന്നതിനോ ശമ്പള സർട്ടിഫിക്കറ്റ് നൽകേണ്ടതില്ല.ശമ്പളത്തിൽ നിന്നും റിക്കവറി ഉള്ളവർക്കും റിക്കവറി തൽക്കാലം നിർത്തി വെക്കുന്നതിന് സ്റ്റോപ്പ് മെമ്മോ നേടിയവർക്കും വീണ്ടും സർട്ടിഫിക്കറ്റ് നൽകില്ല.
മുൻകാല ശമ്പള സർട്ടിഫിക്കറ്റുകളിൽ തിരിച്ചടവ് നെറ്റ് സാലറിയേക്കാൾ കൂടിയാൽ വീണ്ടും അയാൾക്ക് സർട്ടിഫിക്കേറ്റിന് അർഹതയില്ല.വായ്പയുടേയോ ചിട്ടിയുടെയോ തിരിച്ചടവ് കാലാവധി സർവീസ് കാലത്തേക്കാൾ കൂടിയാലും സർട്ടിഫിക്കറ്റ് നൽകില്ല.കരാർ ജീവനക്കാർക്ക് ശമ്പള സർട്ടിഫിക്കറ്റ് നൽകില്ലെന്നാണ് തീരുമാനം.എന്നാൽ ശമ്പളത്തിന്റെ ജാമ്യത്തിന്മേൽ അല്ലാത്ത വായ്പ എടുക്കാൻ തൊഴിൽ സർട്ടിഫിക്കറ്റ് അനുവദിക്കും.കടം തിരിച്ചടയ്‌ക്കാനാവാതെ പാപ്പരാവുകയും തുടർന്ന് ശമ്പളം പിടിച്ചു വെക്കപ്പെടുകയും ചെയ്യുന്ന സർക്കാർ ജീവനക്കാരെ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകൾ അനുസരിച്ച് പിരിച്ചുവിടുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. സ്ഥിരമായി കടക്കാരാവുന്നവർക്കെതിരെ നടപടി എടുക്കണമെന്നും ധനവകുപ്പിന്റെ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.