ബസിനുള്ളിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ ഉപദ്രവിച്ചു; തലയിൽ തുപ്പി; യുവാവിനെ പൊലീസും നാട്ടുകാരും ചേർന്ന് ഓടിച്ചിട്ടു പിടിച്ചു

0


പോത്തൻകോട്: കെഎസ്ആർടിസി ബസിനുള്ളിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ ഉപദ്രവിക്കുകയും തലയിൽ തുപ്പുകയും ചെയ്ത യുവാവിനെ പൊലീസും നാട്ടുകാരും ചേർന്ന് ഓടിച്ചിട്ടു പിടിച്ചു. ആറ്റിങ്ങൽ പൂവണത്തുംമൂട് വാടകയ്ക്കു താമസിക്കുന്ന അനന്തു എന്ന ഇന്ദ്രജിത്തിനെ (25) യാണ് വിദ്യാർത്ഥിനിയുടെ പരാതിയിൽ മംഗലപുരം പൊലീസ് അറസ്റ്റു ചെയ്തത്.

ബസിനുള്ളിൽ പെൺകുട്ടിയെ ഉപദ്രവിച്ച ശേഷം ഇറങ്ങിയോടിയ ഇന്ദ്രജിത്തിനെ ഓട്ടോറിക്ഷാ ഡ്രൈവർമാരും നാട്ടുകാരും പൊലീസും പിന്നാലെയെത്തി പിടികൂടുകയായിരുന്നു. ഇന്നലെ രാവിലെ എട്ടോടെ പള്ളിപ്പുറത്തെ മംഗലപുരം ബസ് സ്റ്റോപ്പിൽ ഇറങ്ങാൻ തുടങ്ങുമ്പോഴായിരുന്നു ഉപദ്രവം. പെൺകുട്ടി ബഹളം വച്ചതോടെ ഇന്ദ്രജിത്ത് ഇറങ്ങിയോടി. പിന്നാലെ ഓട്ടോറിക്ഷാ ഡ്രൈവർമാരും നാട്ടുകാരും വിവരം അറിഞ്ഞെത്തിയ പൊലീസും പാഞ്ഞു.

മതിലും ചാടിക്കടന്ന് തുണ്ടിൽ ക്ഷേത്രത്തിനു സമീപത്തെ മുണ്ടുകോണം വയൽ ഏലായിലേക്ക് യുവാവ് എടുത്തു ചാടിയതോടെ മുട്ടോളം ചേറിൽ പുതഞ്ഞു വേഗം കുറഞ്ഞു. ഇനിയും ഓടിയാൽ എറിഞ്ഞു വീഴ്‌ത്തുമെന്നു പിന്നാലെയെത്തിയവർ മുന്നറിയിപ്പു നൽകിയതോടെ ഇന്ദ്രജിത്ത് കീഴടങ്ങി. പതിവായി ബസിൽ പെൺകുട്ടികളെ ഉപദ്രവിക്കാറുണ്ടെന്നു മംഗലപുരം സിഐ സിജു കെ.എൽ. നായർ പറഞ്ഞു. ഇന്ദ്രജിത്തിനെ കോടതി റിമാൻഡ് ചെയ്തു.

Leave a Reply